എടമുട്ടം: കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ നിർമ്മിച്ച് നൽകുന്ന സ്‌നേഹഭവനത്തിന് കട്ട്‌ള വച്ചു. എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും ജന. സെക്രട്ടറി പദത്തിൽ 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കർമ്മ പദ്ധതികളിൽ ഒന്നായ 'ഒരു വിദ്യാലയം ഒരു ഭവനം' പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ചു നൽകുന്നത്. നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് കട്ട്‌ള വയ്പ്പ് കർമം നിർവഹിച്ചു. പ്രിൻസിപ്പൽ ഒ.വി. സാജു മാസ്റ്റർ, ഹെഡ്മിസ്ട്രസ് എം.പി. നടാഷ, പി.ടി.എ പ്രസിഡന്റ് രമേശ് ബാബു, പഞ്ചായത്തംഗം ഷൈൻ നെടിയിരിപ്പിൽ, ഇ.ഐ. മുജീബ്, ജെ.പി. വിനോദ്, പി. അയ്യപ്പൻകുട്ടി, ഇ.വി. സുമോദ്, എം.പി. പ്രശാന്ത് എന്നിവർ സംബന്ധിച്ചു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ എന്ന കുട്ടിക്കാണ് ഭവനം ഒരുക്കുന്നത്.