 
മുഖ്യമന്ത്രിയ്ക്കെതിരെയുള്ള മുദ്രാവാക്യം വിളി
മതിലകം: മുഖ്യമന്ത്രിയ്ക്കെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചതിൽ ആരോപണവിധേയനായ കേസിൽ പഞ്ചായത്തംഗം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ മതിലകം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
മതിലകം പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറും ബി.ജെ.പി നേതാവുമായ സഞ്ജയ് ശാർക്കര രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സി.പി.എം മതിലകം, കൂളിമുട്ടം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മതിലകം സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് കുറച്ചകലെ പൊലീസ് തടഞ്ഞു.
സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ. ചന്ദ്രശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ഇ.ജി.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.കെ. അബീദലി, ലോക്കൽ സെക്രട്ടറിമാരായ പി.എം.ആൽഫ, പി.എച്ച്. അമീർ എന്നിവർ സംസാരിച്ചു.
സംഭവം ഇങ്ങനെ
ഒരാഴ്ച മുമ്പ് സത്യേഷ് ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിയുയർന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള മുദ്രാവാക്യം വിളിയുൾപ്പെടെയുള്ള ദ്യശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് 500ഓളം പേർക്കെതിരെ കേസെടുത്തിരുന്നു.