 
കൊടുങ്ങല്ലൂർ: മേത്തല കടുക്കച്ചുവട് ഭാഗത്തെ വീടുകളിലെ നിത്യ സന്ദർശകരായി മാറുകയാണ് മയിലുകൾ.
നാട്ടിൻപുറങ്ങളിലും ഇപ്പോൾ മയിലുകൾ ധാരാളമായെത്തുന്നുണ്ട്. കാടിറങ്ങിയെത്തുന്ന മയിലുകൾ പാടത്തും, പറമ്പിലും, വീടുകളുടെ ടെറസുകളിലുമായി ചിറകുവിരിച്ച് നൃത്തം വയ്ക്കുന്ന കാഴ്ച നവ്യാനുഭവമാണ്.
മഴക്കാലമാണ് മയിലുകളുടെ പ്രജനന കാലം. മയിലിന്റെ കാടിറക്കവും അപൂർവങ്ങളായ ദേശാടനക്കിളികളുടെ കാലം തെറ്റിയുള്ള വരവുമെല്ലാം വരൾച്ചയുടെയും മരുഭൂവത്കരണത്തിന്റെയും സൂചനയാണെന്ന് പക്ഷി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലുമാണ് മയിലുകളുടെ താമസം. കുറ്റിക്കാടുകൾ ഇല്ലാതായതും പാറക്കെട്ടുകൾ ഖനനത്തിനായി ഉപയോഗിക്കുന്നതുമാണ് മയിലുകളുടെ കാടിറക്കത്തിന് കാരണമായി പറയുന്നത്. കാലാവസ്ഥ മാറുമ്പോൾ മയിലുകൾ പലായനം ചെയ്യുകയാണ് പതിവെന്ന് ഗവേഷകർ പറയുന്നു. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലാണ് മയിലിനെ കൂടുതലായും കാണുക. പശ്ചിമഘട്ടത്തിന്റെ ശോഷണം മൂലം തമിഴകത്തെ വരണ്ട കാറ്റ് കടന്നുവരുന്നതോടെ കേരളവും മയിലിന്റെ തട്ടകമായി മാറുകയാണ്.