ചാലക്കുടി: എട്ടര മാസത്തോളം മുടങ്ങിക്കിടന്ന കൂടപ്പുഴ തടയണയുടെ നവീകരണം പുനരാംഭിച്ചു. കനത്തെ മഴയെ തുടർന്ന് അപ്രതീക്ഷതമായി പുഴയിൽ വെള്ളം ഉയർന്ന കഴിഞ്ഞ ഏപ്രിൽ 16 നാണ് പ്രവർത്തനങ്ങൾ നിറുത്തി വച്ചത്. കാലം തെറ്റിയ അതിവർഷത്തെ തുടർന്ന് കരാറുകാരൻ സ്വരുക്കൂട്ടിയിരുന്ന സാമഗ്രികൾ ഒഴുകിപ്പോവുകയും ചെയ്തു. കനത്ത നഷ്ടമാണ് ഇയാൾക്കുണ്ടായത്. ഫെബ്രുവരി 12 ന് തുടങ്ങിയ നിർമ്മാണം മുപ്പത് ശതമാനം നടന്നു. ഫെബ്രുവരി അവസാനത്തിൽ പൂർത്തീകരിക്കുമെന്നാണ് കരാറുകാരൻ പറയുന്നത്. പ്രളയത്തിൽ കാതലായ കേടുപാടുണ്ടായ ചാലക്കുടിപ്പുഴയിലെ തടയണയുടെ നവീകരണത്തിന് ഒരു കോടി രൂപയാണ് ജലസേചന വകുപ്പ് അനുവദിച്ചത്. പരിസരത്ത് ഇടിഞ്ഞുപോയ പുഴയുടെ തീരം കെട്ടി സംരക്ഷിക്കുന്നതിന് എൺപത് ലക്ഷം രൂപയും അനുവദിച്ചിരുന്നു. റീബിൽഡ് കേരള പദ്ധതിയിൽ നിന്നാണ് തുക. അന്നത്തെ എം.എൽ.എ ബി.ഡി. ദേവസി ഇതിനായി മുൻകൈയെടുത്തു. നവീകരണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയതോടെ ചെക്ക് ഡാമിന്റെ താത്കാലിക ഷട്ടറുകൾ എടുത്ത് മാറ്റി. ഇതുമൂലം ജലനിരപ്പും കുത്തനെ താഴ്ന്നു. പ്രവർത്തനങ്ങൾ തീരുംവരെ ഇതേ അവസ്ഥ തുടരാനാണ് സാദ്ധ്യത. സ്തംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിന് എം.എൽ.എ ടി.ജെ.സനീഷ്‌കുമാർ, നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, വാർഡ് കൗൺസിലർ അഡ്വ.ബിജു ചിറയത്തടക്കമുള്ള പൊതു പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
കൂടപ്പുഴ തടയണയുടെ നിർമ്മാണം ആരംഭിച്ചത്-1992ൽ.
കരാറുകാരൻ പിൻവാങ്ങിയതിനെ തുടർന്ന് പൂർത്തിയാകാതെ കിടന്നത്-14 വർഷം.
തടയണ പൂർത്തിയാക്കുന്നതിന് നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്-ബി.പി.അപ്പുക്കുട്ടൻ, ടി.പി.രാജൻ തുടങ്ങിയവർ.
ബി.ഡി.ദേവസി എം.എൽ.എയുടെ ശ്രമഫലമായി നിർമ്മാണം പുനരാരംഭിച്ചത്-2006ൽ.
പ്രളയത്തിൽ തകർന്ന തടയണ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനരുദ്ധാരം തുടങ്ങിയത്-2021 ഫെബ്രുവരി 12ന്.
അതിവർഷത്തെ തുടർന്ന് നിർമ്മാണം നിലച്ചത്-ഏപ്രിൽ 16ന്
നവീകരണത്തിനും പുഴയോര സംരക്ഷണത്തിനും അനുവദിച്ചത്-1.80 കോടി രൂപ.
............................
നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കിയില്ലെങ്കിൽ രൂക്ഷമായി കുടിവെള്ള ക്ഷാമത്തിനിടയാക്കും.
-അഡ്വ. ബിജു.എസ്.ചിറയത്ത്
(നഗരസഭാ കൗൺസിലർ)