തൃശൂർ: കുടിവെള്ള ക്ഷാമം, മലിന ജലമൊഴുക്ക്, നായ ശല്യം, കത്താത്ത തെരുവ് വിളക്കുകൾ എന്നിങ്ങനെ ചൂടേറിയ ചർച്ചകളിലൂടെ കോർപറേഷൻ കൗൺസിൽ യോഗം. പരിഹാര നടപടികൾ സ്വീകരിക്കുമെന്ന മേയറുടെ മറുപടി ലഭിച്ചതോടെ യോഗത്തിൽ വിഷയത്തിന്റെ ചൂടറ്റു. പൂങ്കുന്നത്ത് കക്കൂസ് മാലിന്യം കലർന്ന മലിന ജലം റോഡിലൊഴുകിയ വിഷയം പൊതുമരാമത്ത് വകുപ്പ് പരിഹരിക്കുമെന്ന് മറുപടി നൽകി മേയർ തടിതപ്പി. പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന മലിനജലമൊഴുക്ക് ഇന്നലെയും തുടർന്നതോടെ നാട്ടുകാരും രാഷ്ട്രീയപാർട്ടികളും സമരത്തിനിറങ്ങിയെന്ന് കൗൺസിലർ എ.കെ. സുരേഷ് ചൂണ്ടിക്കാട്ടി. വിഷയം പരിഹരിച്ചില്ലെങ്കിൽ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് കൗൺസിലർ കെ.ജി.നിജി വ്യക്തമാക്കി. ആവശ്യമെങ്കിൽ താനും സമരത്തിനിറങ്ങുമെന്ന് പറഞ്ഞ് മേയർ എം.കെ. വർഗീസ് കൗൺസിലർമാരെ അറിയിച്ചു. നായകളെ വന്ധീകരിക്കുന്ന എ.ബി.സി പദ്ധതി എവിടെയായെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ ചോദിച്ചു. നായ ശല്യം ദുസഹമാണെന്നും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും പരാതികളുയർന്നു. കുടിവെള്ള പൈപ്പുകളിൽ കൂടി ദുർബലമായാണ് വെള്ളം വരുന്നതെന്ന് പൂർണിമ സുരേഷും ഡോ. വി. ആതിരയും ചൂണ്ടിക്കാട്ടി. കുരിയച്ചിറയിൽ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ലെന്ന് മുകേഷ് കൂളപ്പറമ്പിൽ പറഞ്ഞു. ശക്തൻ വികസന പദ്ധതി സംബന്ധിച്ച് വിശദാംശം നൽകണമെന്ന് വിനോദ് പൊള്ളഞ്ചേരി ആവശ്യപ്പെട്ടു. കുടിവെള്ള പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ബി.ജെ.പി. കൗൺസിലർമാർ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധവുമായി ഇ.വി. സുനിൽരാജും ഇടപെട്ടു. നഗരത്തിൽ നിന്നു പിടിച്ച് കൊണ്ട് പോയ പശുക്കളെ തൃശൂരിൽ അനുയോജ്യസ്ഥലം കണ്ടെത്തി സംരക്ഷിക്കണമെന്ന് ബി.ജെ.പിയിലെ എൻ. പ്രസാദ് ആവശ്യപ്പെട്ടു. പശുക്കളെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റുന്നതിൽ എതിർപ്പറിയിച്ച് ബി.ജെ.പി കൗൺസിലർമാർ കത്ത് നൽകി. ചാവക്കാട് മുൻസിപ്പാലിറ്റി സംഘടിപ്പിച്ച ഏഴാമത് മുൻസിപ്പൽ തല ക്രിക്കറ്റ് ലീഗിൽ വിജയം നേടിയ തൃശൂർ കോർപറേഷന്റെ കൗൺസിലർമാരും ജീവനക്കാരും അടങ്ങുന്ന ടീമംഗങ്ങളെ മേയർ എം.കെ. വർഗീസ് അഭിനന്ദിച്ചു.


പശുക്കളെ സംരക്ഷിക്കാൻ പദ്ധതി

തൃശൂർ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ റോഡപകടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി ധ്യാൻ ഫൗണ്ടേഷാനുമായുള്ള ധാരണ പത്രം കൗൺസിൽ അംഗീകരിച്ചു.