 
വാടാനപ്പിള്ളി: തൃത്തല്ലൂർ യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ സ്വയം കണ്ടെത്തി തയ്യാറാക്കിയത് പതിനഞ്ചിനം ഹെർബൽ ഷാംബൂ. സ്‌കൂളിൽ നടന്നുവരുന്ന നാട്ടറിവ് ശേഖരണങ്ങളോടനുബന്ധിച്ച് പണ്ട് കാലത്ത് വീടുകളിൽ നിർമ്മിച്ച് ഉപയോഗിച്ചിരുന്ന ഹെർബൽ ഷാംബൂകളുടെ പ്രദർശന മത്സരത്തിലാണ് കുട്ടികൾ വിവിധ ഇനം ഷാമ്പൂകളെ കണ്ടെത്തിയത്.
ഏറ്റവും കൂടുതൽ പേർ തയ്യാറാക്കിയത് ചെമ്പരത്തി താളിയായിരുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന കോഴിയപ്പാതാളി, വാകത്തൊലി താളി, ഇഞ്ചത്താളി, സീതാർമുടി താളി, പോകലകൊട്ടൻ താളി, ചെറുപയർ താളി, കടലമാവ് താളി, നീരോലി ഷാംബൂ, വെള്ളിയില ഷാംബൂ, കറ്റാർ വാഴ ഷാംബൂ, ഉഴിഞ്ഞ താളി, സോപ്പുംകയ താളി, കുറുന്തോട്ടി ഷാംബൂ, നെല്ലിക്ക താളി, കോഴിമുട്ട ഷാംബൂ തുടങ്ങിയവയാണ് കുട്ടികൾ അവതരിപ്പിച്ച പുതിയ ഇനങ്ങൾ.
മത്സരത്തിൽ നീലാംബരി എം.എസ് ഒന്നാം സ്ഥാനവും, അനഘ സി.എ രണ്ടാം സ്ഥാനവും മിൻഹ പി.എൻ, സഹൽ ടി.എൻ മൂന്നാം സ്ഥാനവും നേടി. അനുഷ്മിക കെ.യു, ഐഷ നെസ്‌റിൻ, ഹിദ ഫാത്തിമാ, ഫാത്തിമാ പി.എസ്, ഷാന ഫാത്തിമാ, ഷിഫ ഷെറിൻ എന്നിവർ പ്രോത്സാഹന സമ്മാനം നേടി. ഹെഡ്മിസ്‌ട്രസ് സി.പി. ഷീജ മത്സരം ഉദ്ഘാടനം ചെയ്തു. കോ- ഓർഡിനേറ്റർ കെ.എസ്. ദീപൻ അദ്ധ്യക്ഷനായി. അജിത്‌പ്രേം, വി.പി. ലത, കെ.ജി. റാണി, എ.ബി. ബേബി, വി. ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. ബി.ആർ.സി ട്രെയിനർമാരായ കെ.കെ. തുളസി, സലാഹുദ്ദീൻ തങ്ങൾ എന്നിവർ മൂല്യനിർണയം നടത്തി.