ചാലക്കുടി: നഗരസഭയുടെ കലാഭവൻ മണി സ്മാരക പാർക്കിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ വാക്‌പോര്. പാർക്ക് സ്വന്തം നേട്ടമായി ഉയർത്തിക്കാട്ടാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. പാർക്കിൽ അടുത്ത ദിവസം മുതൽ വൈദ്യുതി ലഭ്യമാകുമെന്ന് ചെയർമാൻ വി.ഒ. പൈലപ്പൻ പറയുമ്പോൾ നിർമ്മാണം പൂർത്തിയായ പാർക്ക് തുറക്കൽ രാഷ്ട്രീയവൈരാഗ്യം മൂലം ഒരു വർഷം കൂടി വൈകിപ്പിക്കുകയാണ് ഭരണപക്ഷം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കലാഭവൻ മണി പാർക്ക് ഡിസംബർ അവസാന വാരം തുറന്നു കൊടുത്തെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ പുതുവത്സരം വരെയുള്ള ദിവസങ്ങളിൽ ജനറേറ്റർ ഉപയോഗിച്ചായിരുന്നു പ്രവർത്തനം. വൈദ്യുതിയുടെ അഭാവം മൂലം പ്രവേശന സമയം ലഘൂകരിക്കേണ്ടിയും വന്നു.
പാർക്കിൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് തത്വത്തിൽ സർക്കാർ അനുമതി ലഭിച്ചതായി ചെയർമാൻ വി.ഒ.പൈലപ്പൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് അടുത്ത ദിവസം ലഭിക്കുമെന്നും അന്നുതന്നെ പാർക്കിലേയ്ക്ക് വൈദ്യുതി എത്തുമെന്നും ചെയർമാൻ വ്യക്തമാക്കി. പാർക്കിന്റെ സ്ഥലത്തെ മുൻകാല ഉടമകളായിരുന്ന ചാലക്കുടി റിഫ്രാക്ടറീസ് ലിമിറ്റഡ് വരുത്തിയ 7 ലക്ഷത്തിന്റെ വൈദ്യുതി കുടിശിക ഇപ്പോൾ 36 ലക്ഷമായി ഉയർന്നു. ഇതുമൂലമുള്ള തടസമാണ് പാർക്കിലേയ്ക്ക് വൈദ്യുതി ലഭിക്കാതിരുന്നത്. ഉപാധിരഹിത വൈദ്യുതി കണക്ഷൻ ലഭ്യമാക്കലിന് കൂടുതൽ പരിശ്രമിച്ചത് എം.എൽ.എ ടി.ജെ. സനീഷ്‌കുമാറും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമാണെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.വൈദ്യുതി ലഭ്യമായാൽ അനുബന്ധ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. പോൾ, അഡ്വ. ബിജു ചിറയത്ത്, നീതാ പോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
കഴിഞ്ഞ നഗരസഭാ ഭരണ സമിതി നിർമ്മിച്ച് ഉദ്ഘാടനം ചെയ്ത പാർക്ക് കഴിഞ്ഞ ഒരു വർഷത്തോളം തുറന്നു കൊടുക്കാതിരുന്നത് ഇപ്പോഴത്തെ ചെയർമാന്റെ അലംഭാവും തന്നിഷ്ടവുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ആരോപിച്ചു. കുടിശിക ഒഴിവാക്കി വൈദ്യുതി കണക്ഷൻ വേണമെന്ന് ഇപ്പോഴത്തെ ഭരണ സമിതി ആവശ്യപ്പെട്ടത് ഒരു മാസം മുൻപായിരുന്നു. ഇത്രയും വേഗം അത് സാദ്ധ്യമാക്കിയത് സംസ്ഥാന സർക്കാരിന്റെ ഇഛാശക്തി മൂലമാണ്. വൈദ്യുതി കുടിശിക ഒഴിവാക്കുന്നതിന് കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതിയും മുൻ എം.എൽ.എ ബി.ഡി. ദേവസിയും എല്ലാ അപേക്ഷകളും നൽകി. എന്നാൽ ഇപ്പോഴത്തെ ചെയർമാൻ തുടർ പ്രവർത്തനങ്ങൾ നടത്താതിരുന്നത് രാഷ്ട്രീയ വിരോധത്താലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിജി സദാനന്ദൻ, വി.ജെ. ജോജി, കെ.എസ്. സുനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.