 
കൊടുങ്ങല്ലൂർ: വികസന പദ്ധതികളെ പിറകോട്ടടിക്കാനുള്ള ഗൂഢാലോചനയാണ് ബി.ജെ.പിയും കോൺഗ്രസും നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ. സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി എറിയാട് ചേരമാൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച തീരദേശ സംരക്ഷണവും മത്സ്യമേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ - റെയിൽ പദ്ധതിക്കെതിരെയുള്ള സമരം അത്തരം ബോധപൂർവ്വമായ ഗൂഢാലോചനയുടെ ഭാഗമാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിത സുരക്ഷിതത്വവും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. മത്സ്യത്തൊഴിലാളികളുടെ സഹകരണ സംഘങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കടലിൽ വെച്ച് മരിച്ച മത്സ്യത്തൊഴിലാളികൾക്ക് 10 ലക്ഷം രൂപ വീതം 85 പേർക്ക് നൽകിയതായും 20,000 വീടുകൾ വെച്ചുകൊടുത്തതായും അദ്ദേഹം വ്യക്തമാക്കി. തീരദേശമേഖലയിൽ 10,500 കോടിയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളിയൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി കൂട്ടായി ബഷീർ , ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ചന്ദ്രശേഖരൻ, കെ.വി.രാജേഷ്, ഏരിയ സെക്രട്ടറി കെ.കെ അബീദലി, കെ.ആർ ജൈത്രൻ, ടി.കെ. രമേഷ്ബാബു, കെ.പി.രാജൻ, ഷീലരാജ് കമൽ എന്നിവർ പങ്കെടുത്തു.