 
കുന്നംകുളം നഗരസഭാ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിക്കുന്നു.
കുന്നംകുളം: വാർഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണപക്ഷ കൗൺസിലർമാർക്ക് കൂടുതൽ തുക അനുവദിക്കുകയും പ്രതിപക്ഷ കൗൺസിലർമാർക്ക് തുച്ഛമായ തുക അനുവദിക്കുകയും ചെയ്യുന്നുവെന്ന ആരോപണവുമായി നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ എഴുതി നൽകിയ കൗൺസിലർമാർക്ക് വേണ്ട ഫണ്ട് അനുവദിച്ച് നൽകാറുണ്ടെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ മറുപടി നൽകി. ആരോപണം വസ്തുതാവിരുദ്ധമെന്ന് മറുപടി നൽകി ബഹളം വകവെക്കാതെ അജണ്ട വായിക്കാൻ ചെയർപേഴ്‌സൺ സിതാ രവീന്ദ്രൻ നിർദേശിച്ചതോടെ നൽകിയതോടെ യോഗത്തിൽ നിന്ന് കോൺഗ്രസ് കൗൺസിലർ ഇറങ്ങിപ്പോയി. ചെയർപേഴ്‌സന്റെ ചേമ്പറിന് മുന്നിലെത്തി പ്രതിപക്ഷം പ്രതിഷേധമറിയിച്ചു. തുടർന്ന് ചെയർപേഴ്‌സൺ യോഗം പിരിച്ചുവിട്ടു. കോൺഗ്രസ് കൗൺസിലർമാരായ ബിജു.സി.ബേബി, ഷാജി ആലിക്കൽ എന്നിവരാണ് ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ ആരോപണം നുണയാണെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.സുരേഷ് മറുപടി നൽകി.
9, 10 ,12 ,13 ,14 വാർഡുകളിലെ ജനങ്ങൾ പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ എന്നിവയ്ക്കുള്ള മരുന്നുകൾ വാങ്ങാനും വാക്‌സിനേഷനും കുട്ടികളുടെ ഇൻജക്ഷനും പോർക്കുളം ഹെൽത്ത് സെന്ററിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും അവർക്ക് മരുന്ന്, വാക്‌സിൻ സൗകര്യങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഒരുക്കി നൽകണമെന്നും ബി.ജെ.പി കൗൺസിലർ ബിനു പ്രസാദ് ആവശ്യപ്പെട്ടു. വിഷയം കൗൺസിൽ പരിഗണനയിലുള്ളതാണെന്നും അടുത്ത യോഗത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.