 
കുന്നംകുളം: ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം, കെ.സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അദ്ദേഹത്തെ അവർ എത്രമാത്രം ഭയക്കുന്നുവെന്നതിന്റെ തെളിവാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. വീണു കിട്ടിയ അവസരം സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ ബോധപൂർവം സി.പി.എം ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇട്ടിമാണി ഓഡിറ്റോറിയത്തിൽ കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ കെ.ജയശങ്കർ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ കെ.സി. ബാബു, സി.ഐ. ഇട്ടിമാത്തു, കെ.എഫ്. ഡൊമിനിക്, ടി.എം. ചന്ദ്രൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന ഭാരവാഹി നെൽസൻ ഐപ്പ്, ദളിത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി വാസു കോട്ടോൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.ബി. രാജീവ്, സി.കെ. ബാബു എന്നിവർ സംസാരിച്ചു.