തൃശൂർ: നിലപാടുകളുടെ പേരിൽ പി.ടി. തോമസിനെ കല്ലെറിഞ്ഞവർ കോൺഗ്രസിലുണ്ടെന്ന് ടി.എൻ. പ്രതാപൻ എം.പി. മാനവസംസ്‌കൃതി ജില്ലാ കമ്മിറ്റി സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം ' ഓർമ്മകളിൽ പി.ടി. ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിൽ ഭരണസാരത്ഥ്യം വഹിച്ചവരുണ്ട്. അവർ പി.ടി തോമസിന്റെ ആത്മാവിനോട് മാപ്പ് പറയണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. പൊതുപ്രവർത്തനത്തിൽ നിലപാടുകൾ പ്രധാനമാണ്. നിലപാടെടുക്കുമ്പോൾ താത്കാലികമായ കല്ലേറുകൾ ഉണ്ടാവാം. പക്ഷേ നിലപാടിന് എന്നും ജനങ്ങളുടെ പിന്തുണയുണ്ടാവും. പി.ടി. തോമസിന്റെ മരണം കേരളത്തെ അത് പഠിപ്പിച്ചുവെന്നും എം.പി പറഞ്ഞു. കെ.ബാബു എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. മാനവ സംസ്‌കൃതി ജില്ലാ ചെയർമാൻ അഡ്വ.ടി.എസ്. മായാ ദാസ് അധ്യക്ഷനായി. മാനവ സംസ്‌കൃതി സംസ്ഥാന ചെയർമാൻ അനിൽ അക്കര, ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ, എൻ.ശ്രീകുമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, എം.പി.വിൻസന്റ് ഡോ.അജിതൻ മേനോത്ത്, ജില്ലാ സെക്രട്ടറി സുനിൽ ലാലൂർ, ഡോ. നിജി ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.