geetha
ഗീത തന്റെ ഉത്പ്പന്നങ്ങളുമായി സ്റ്റാളിൽ

തൃശൂർ: തേക്കിൻക്കാട് മൈതാനിയിലെ ടിൻടെക്‌സ് വിപണന മേളയിൽ, കരുത്തോടെ നിൽക്കുന്ന ഒരു പെൺകുട്ടിയുണ്ട്. കാഴ്ച നഷ്ടപ്പെട്ടത് വകവയ്ക്കാതെ ആക്ടീവാണ് ആ സംരംഭക. മഞ്ഞളിൽ നിന്നും ഉള്ള കർക്കുമീൻ ഉൾപ്പെടുത്തിയുള്ള ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന സ്റ്റാളിലാണ് ചെറുനാളിലേ കാഴ്ച നഷ്ടപ്പെട്ട ഗീതയുള്ളത്.

ഏഴാം ക്ലാസിൽ കാഴ്ച നഷ്ടപ്പെട്ട ഗീത സ്‌ക്രൈബ് സഹായത്തോടെയാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. പിന്നീട് ബ്രയിൽ ലിപി പഠിക്കുന്നതിന് പോത്തനിക്കാട് റീഹാബിലിറ്റേഷൻ സെന്ററിൽ ചേർന്നു. അവിടെ നിന്നും ബുക്ക് ബൈൻഡിംഗ്, ഉൾപ്പെടെയുള്ളവയിൽ വൈദഗ്ദ്യം നേടി

പിന്നീട് കേരള വർമ്മ കോളേജിൽ പ്രീഡിഗ്രി, അവിടെ നിന്നും പൊളിറ്റിക്സ് ബിരുദം എന്നിവ നേടി. വിവാഹശേഷമാണ് ഭക്ഷ്യവിപണന രംഗത്ത് എത്തുന്നത്. ഭർത്താവിനോടൊപ്പം ചേർന്ന് തൃശൂരിൽ 2011ൽ ആണ് ഫ്‌ളോറ എന്ന പേരിൽ പ്രകൃതി സൗഹൃദ സ്‌പെഷ്യൽ റെസ്റ്റോറന്റ് തുടങ്ങി. ഓർഗാനിക് ഫുഡുകൾ ഉൾപ്പെടുന്ന മെനുവിൽ അനേകം രുചി വട്ടങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് ഹോം മെയ്ഡ് ഫുഡ് പ്രൊഡക്‌ഷൻ തുടങ്ങിയത്. ചേച്ചിയുടെ വീട്ടിൽ മഞ്ഞൾ കൃഷി തുടങ്ങിയ ശേഷമാണ്, മഞ്ഞൾ ഉത്പന്നമായ കർക്കുമീൽ നിർമ്മാണം തുടങ്ങിയത്. തൃശൂർ വ്യവസായ കേന്ദ്രത്തിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ ഗീതയ്ക്ക് അവിടെ നിന്നും മികച്ച പിന്തുണ കിട്ടിയിരുന്നു.