
തൃശൂർ: 'മുറ്റത്തെ കൃഷി'യിടത്തിൽ കർഷകർക്ക് സൗജന്യമായി ഓർഗാനിക് കൃഷിപാഠം പകർന്നു നൽകുന്ന തിരക്കിലാണ് വേണുഗോപാൽ മാധവ്. 'മുറ്റത്തെ കൃഷി"യെന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിൽ 1.26 ലക്ഷം പേരും കൃഷി തല്പരർക്കായി ഇതേപേരിൽ അതത് ജില്ലക്കാർക്കുള്ള വാട്‌സ് ആപ് ഗ്രൂപ്പിൽ മൂവായിരം പേരുമുണ്ട്.
കൊടുങ്ങല്ലൂർ സ്വദേശിയും അൾട്രാ ഓർഗാനിക് ഫാം കൺസൾട്ടന്റുമായ വേണുഗോപാൽ പാലക്കാട് പുതുശ്ശേരിയിലാണ് താമസം. ഗ്രൂപ്പിലുള്ളവരുമായി നിരന്തരം ബന്ധപ്പെടുകയും സംശയങ്ങൾക്ക് മറുപടി പറയുകയും ഓർഗാനിക് കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഫാം സ്ഥാപിക്കുന്നതിനുള്ള സേവനത്തിന് പ്രതിഫലം വാങ്ങുമെങ്കിലും സോഷ്യൽ മീഡിയയിലെ സേവനം സൗജന്യമാണ്.
വിവിധ സംസ്ഥാനങ്ങളിലെ ഓർഗാനിക് കൃഷിക്കാരുടെ ഉത്പാദന വർദ്ധന ലക്ഷ്യമാക്കി 30 വർഷമായി പ്രവർത്തിക്കുന്ന അദ്ദേഹം ഫിലിപ്പീൻസ്, ഉസ്ബെക്കിസ്ഥാൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രോജക്‌ടുകളിലും സജീവമായി.
കൃഷി കൂടാതെ വിദേശ രാജ്യങ്ങളിൽ നിർമ്മാണ, ഇന്റീരിയർ ഡിസൈൻ രംഗത്തും സജീവമായിരുന്നു. ഹൊസൂരിലെ ഫാം ഡിസൈനിംഗുമായി ബന്ധപ്പെട്ടാണ് മൂന്നു കൊല്ലം മുമ്പ് കേരളത്തിലെത്തിയത്. കാർഷിക കുടുംബത്തിലാണ് ജനനം. കൃഷിയിലെ താത്പര്യം കൊണ്ട്, പോയ സ്ഥലങ്ങളിലെല്ലാം ഫാം സന്ദർശിക്കുകയും അവർക്കൊപ്പം താമസിച്ച് കൃഷിയും സാമൂഹികജീവിതവും പഠിക്കുകയും കാർഷിക വിദഗ്ദ്ധരുമായി ചർച്ച നടത്തുകയും ചെയ്തു. ഹ്രസ്വകാല കാർഷിക കോഴ്‌സുകളിൽ ചേർന്നു. ഇപ്പോൾ തിരുനെൽവേലിയിൽ 380 ഏക്കർ ഫാം രൂപകൽപ്പന ചെയ്യുന്നു
അച്ഛൻ നല്ല കൃഷിക്കാരനായിരുന്നത് കൃഷിയിൽ താത്പര്യം വളർത്തി. കൃഷിയറിവുകൾക്കായി ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. മണ്ണും മനുഷ്യനും പ്രകൃതിയും ചേർന്നുള്ള അൾട്രാ ഓർഗാനിക് കൃഷിയാണ് ലക്ഷ്യം.
-വേണുഗോപാൽ മാധവ്.