കുന്നംകുളം: തപസ്യ കലാസാഹിത്യ വേദി ജില്ലാ സമ്മേളനം 16 ന് കേച്ചേരി മഴുവഞ്ചേരി നാഷണൽ ഹെറിറ്റേജ് സെന്ററിൽ നടക്കും. കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് പ്രതിഭാ സംഗമം പിന്നണി ഗായകൻ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനാകും. ജില്ലാ ജനറൽ സെക്രട്ടറി ടി.എസ് നീലാംബരൻ അക്കിത്തം, മാടമ്പ് അനുസ്മരണം നടത്തും. തപസ്യ കഴിഞ്ഞ വർഷം സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് പ്രതിഭാസംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സൗത്ത് സോൺ കൽചറൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ഓണം പൊന്നോണം രചനാ മത്സരത്തിലെ വിജയികൾക്ക് എൻഡോവ്‌മെന്റുകളും വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് രണ്ടിന് ആദരണീയം ഡോ. പുത്തേഴത്ത് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കലാസാഹിത്യ മേഖലകളിലെ 18 പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. പാങ്ങിൽ ഭാസ്‌കരൻ (സാഹിത്യം), മണലൂർ ഗോപിനാഥ് (ഓട്ടൻ തുള്ളൽ), നൗഷാദ് പാപ്പാളി (സിനിമ), നെല്ലുവായ് കൃഷ്ണദാസ് (നാഗക്കളം), കരിയന്നൂർ പരമേശ്വരൻ (നാഗസ്വരം), ജ്യോതിദാസ് ഗുരുവായൂർ (സോപാന സംഗീതം), പാലക്കൽ ശശി (കളമെഴുത്ത് പാട്ട്), എളവള്ളി നന്ദൻ (ദാരുശിൽ്പം), നടനസാത്വിക ഉഷ ടീച്ചർ (നൃത്തം), ശശി കേച്ചേരി (ചുമർചിത്രം), ചൊവ്വല്ലൂർ മോഹൻ(മേളം), കലാമണ്ഡലം സംഗീത് ്(ചാക്യാർ കൂത്ത്), പൊന്നുട്ടൻ പുതുരുത്തി (മലവാഴിയാട്ടം), രാജേഷ് സൗപർണിക (നാടൻ കല), സലീം ഇന്ത്യ (ചെറുകഥ), ചന്ദ്രശേഖരൻ പുതുശ്ശേരി (സിനിമ, സീരിയൽ താരം), എയ്യാൽ രാമചന്ദ്രൻ (ഉടുക്ക്പാട്ട്) എന്നിവരെയാണ് ആദരിക്കുക. മേഖലാ വൈസ് പ്രസിഡന്റ് തൃശിവപുരം മോഹനചന്ദ്രൻ അദ്ധ്യക്ഷനാകും. 'തുഞ്ചത്തെഴുത്തച്ഛനും കേരളവും' എന്ന വിഷയത്തിൽ തപസ്യ സംസ്ഥാന അധ്യക്ഷൻ പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. മൂന്നിന് പ്രതിനിധി സമ്മേളനം. പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തിരഞ്ഞെടുക്കും.