ulgadanam
ഇന്റഗ്രേറ്റഡ് പേൾ കൾച്ചർ വ്യവസായ സംരംഭത്തിന്റെ ഉദ്ഘാടനം കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി നിർവഹിക്കുന്നു.

കയ്പമംഗലം: ഇന്റഗ്രേറ്റഡ് പേൾ കൾച്ചർ വ്യവസായ സംരംഭത്തിന് ജില്ലയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ ഇന്റഗ്രേറ്റഡ് പേൾ കൾച്ചർ വ്യവസായ സംരംഭത്തിന് ഹൈദരാബാദിലെ നാഷ്ണൽ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോർഡ് (എൻ.എഫ്.ഡി.ബി) ആണ് അനുമതി നൽകുന്നത്.

കയ്പമംഗലം സ്വദേശിയായ ബൈജു നെല്ലിക്കത്തറയുടെ സ്വന്തം സ്ഥലത്തെ 82 സെന്റ് വിസ്തീർണമുള്ള കുളത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി തിരഞ്ഞെടുക്കുന്ന കക്കയുടെ ആരോഗ്യ പരിശോധന, സർജറി, വീണ്ടെടുക്കാനുള്ള സമയം നൽകൽ, കുളത്തിലെ ഓക്‌സിജൻ അളവ് ക്രമീകരണം, പേൾ ശേഖരണം എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസ് നൽകും. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ അശോക് മൻവാനിയാണ് പരിശീലനം നൽകുന്നത്. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലധികം കർഷകർക്ക് ഇദ്ദേഹം പരിശീലനം നൽകിയിട്ടുണ്ട്. വ്യവസായ സംരംഭത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ അദ്ധ്യക്ഷയായി. ബൈജു ചന്ദ്രൻ, ഡോ. കെ.ആർ. ശ്രീനി, പഞ്ചാബ് നാഷ്ണൽ ബാങ്ക് വലപ്പാട് ബ്രാഞ്ച് മാനേജർ വിനീത, അഗ്രോ കൾച്ചർ പ്രമോട്ടർ പി.ബി. ഭാവന, വാർഡ് മെമ്പർ പി.ഐ. ഷാജഹാൻ, സന്ധ്യ ബൈജു എന്നിവർ സംസാരിച്ചു.