ചാലക്കുടി: സി.പി.എം ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടുറ്റിയിലെ പാടശേഖരത്തിൽ മഹാചൂണ്ടിയിടൽ മത്സരം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും വിദേശ വനിതയുമുൾപ്പെടെ നൂറിലധികം പേർ മത്സരത്തിൽ പങ്കാളികളായി. ചാത്തൻചാലിന്റെ ഓരങ്ങളിൽ ചൂണ്ടിയിടാനായി നിരവധിപേർ നിലയുറപ്പിപ്പോൾ അതിലേറെപേർ പ്രോത്സാഹനമായി ഇവർക്കൊപ്പം കൂടി. മത്സരാർത്ഥികൾക്കും കാണാനെത്തിയവർക്കും കപ്പയും മീൻകറിയും ചുക്കുകാപ്പിയും വിതരണം ചെയ്ത് സംഘാടകർ ഉത്സവ പ്രതീതി സൃഷ്ടിച്ചു. ചാത്തൻചാൽ പരിസരത്ത് നടന്ന അന്തിച്ചന്തയിൽ കർഷകരുടെ ഉത്പ്പന്നങ്ങളുടെ ലേലവും നടന്നു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉത്ഘാടനം ചെയ്തു. അഡ്വ. കെ.എ. ജോജി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ബി.ഡി.ദേവസി, ടി.എ. ജോണി, ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, എ.എം. ഗോപി, കെ.പി. തോമസ് എന്നിവർ സംബന്ധിച്ചു.