കൊടുങ്ങല്ലൂർ: താലപ്പൊലി മഹോത്സവം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ വി.ആർ. സുനിൽകുമാർ എം.എൽ.എയും, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറും കാലതാമസം വരുത്തിയെന്ന് ഹൈന്ദവ സംഘടനകൾ ആരോപിച്ചു. ഇക്കാര്യത്തിൽ ഭക്തജനങ്ങളോട് ഇവർ മാപ്പ് പറയണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
താലപ്പൊലി മഹോത്സവത്തിന് തെക്കൻ കേരളത്തിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരാറുള്ളത്. താലപ്പൊലി മഹോത്സവം സംബന്ധിച്ച് തലേ ദിവസം മാത്രം തീരുമാനമെടുത്തതിനാൽ തെക്കൻ ജില്ലകളിലെ ആയിരങ്ങൾക്ക് എത്താൻ കഴിഞ്ഞില്ല. എല്ലാ ചടങ്ങുകളും ആചാരങ്ങളും പഴയതു പോലെ നടത്തുമെന്ന് അധികൃതർ പറയുമ്പോൾ ഭക്തർക്ക് യഥാസമയം എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണ്. വേണ്ടത്ര സമയം ഉണ്ടായിട്ടും ജില്ലാ ഭരണകൂടത്തെ വിഷയങ്ങൾ പറഞ്ഞു മനസിലാക്കി ഭക്തജനങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിൽ ദേവസ്വം ബോർഡും എം.എൽ.എയും അലംഭാവം കാണിച്ചതായി ഹിന്ദുഐക്യവേദി താലൂക്ക് കമ്മിറ്റി ആരോപിച്ചു. താലപ്പൊലി എഴുന്നള്ളിപ്പുൾപ്പെടെ വിവാദമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചതായി ക്ഷേത്ര രക്ഷാവേദി കുറ്റപ്പെടുത്തി. ഹൈന്ദവ ആചാരാനുഷ്ടാനങ്ങളോട് സർക്കാർ പുലർത്തുന്ന നിലപാട് തിരുത്തണമെന്ന് ക്ഷേത്ര രക്ഷാവേദി ജനറൽ കൺവീനർ സി.എം. ശശീന്ദ്രൻ ആവശ്യപ്പെട്ടു.