വടക്കാഞ്ചേരി: ഫെബ്രുവരി, മാർച്ച് മാസങ്ങളിലേക്ക് കടക്കാറായതോടെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കുമായുള്ള തയ്യാറെടുപ്പുകളിൽ ഊർജ്ജിതമായിരിക്കയാണ് ഉത്സവ പ്രേമികൾ. ധനസമാഹരണത്തിനായി ആഘോഷ കമ്മറ്റിക്കാർ വീടുകൾ തോറും കയറിയിറങ്ങുന്നതും സാധാരണമായി. എന്നാൽ കൊവിഡ് വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തിൽ ഉത്സവാഘോഷങ്ങൾക്ക് നിയന്ത്രണം വന്നേക്കുമോ എന്ന ആശങ്കയിലാണ് ഉത്സവ പ്രേമികൾ. കൊവിഡ് കേസുകളുടെ വർദ്ധനവും ഒമിക്രോൺ വ്യാപകമാകുന്നതും മൂലം ഉത്സവാഘോഷങ്ങൾ വിപുലമായി നടത്താനാകുമോ എന്നും ആശങ്കയുണ്ട്. ഉത്സവങ്ങൾ തനിമയോടെ തന്നെ നടത്താനാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ജനങ്ങൾ. എന്നാൽ ഡിസംബറോടെ ഒമിക്രോൺ കടന്ന് വരുകയും ജനുവരി ആദ്യവാരത്തിൽ തന്നെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്തതോടെ ഉത്സവ നടത്തിപ്പും കരിനിഴലിലായിരിക്കയാണ്.
വേനൽ കടുക്കുന്നതോടെയാണ് മദ്ധ്യ കേരളത്തിൽ ഉത്സവാഘോഷങ്ങൾ കൊടി നിവർത്തുന്നത്. ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിലാണ് പൂരങ്ങളും വേലകളും തിരുനാളുകളും നേർച്ചകളും നടക്കാറുള്ളത്. ഫെബ്രുവരി അവസാനത്തോടെയും മാർച്ച് ആദ്യവാരത്തോടെയും കൊവിഡ് വ്യാപനം കടുക്കുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. അങ്ങനെയാണെങ്കിൽ വരുംദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകാനാണ് സാദ്ധ്യത. നിയന്ത്രണങ്ങൾ കടന്നുവരുമ്പോൾ പൂരങ്ങൾ ആചാരപ്രകാരമുള്ള ചടങ്ങുകൾ മാത്രമായി ചുരുക്കേണ്ടി വരുമെന്ന് ദേവസ്വം അധികൃതർ പറയുന്നു. ഫെബ്രുവരി 22 നാണ് പ്രസിദ്ധമായ മച്ചാട് മാമാങ്കം, 18 നാണ് പറ പുറ പുറപ്പാട്, മാർച്ച് ഒന്നിനാണ് ഉത്രാളിക്കാവ് പൂരം. പൂരത്തിനായി ആനകളെയും വാദ്യക്കാരെയും കലാപരിപാടികളും ഇതിനകം തയ്യാറാക്കി കഴിഞ്ഞു. കൊവിഡ് രൂക്ഷമായ കഴിഞ്ഞ വർഷം പൂരങ്ങൾ ചടങ്ങുകളിൽ മാത്രമായി ഒതുങ്ങിയിരുന്നു. ഈ വർഷമെങ്കിലും പൂരം ഗംഭീരമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് ഉത്സവ പ്രേമികൾ.