പാവറട്ടി: ഗ്രാമീണ ജീവിത ആശയങ്ങളിലൂടെ ചിത്രകലാരംഗത്ത് പ്രശസ്തനായ ആർട്ടിസ്റ്റ് മുരളി ചീരോത്തിനെ കേരള ലളിതകലാ അക്കാഡമിയുടെ ചെയർമാനായി നിയമിച്ചത് മുല്ലശ്ശേരി ഗ്രാമത്തിന് അഭിമാനത്തിന്റെ നിമിഷമായി. കലാകാരൻ, ആക്ടിവിസ്റ്റ്, കലാദ്ധ്യാപകൻ എന്നീ നിലകളിൽ ഇന്ത്യയ്ക്കകത്തും പുറത്തും പ്രശസ്തനാണ് മുരളി. തൃശൂരിലെ കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം അദ്ദേഹം കൊൽക്കത്തയിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ ശാന്തി നികേതനിലെ കലാഭവനിൽ നിന്ന് പ്രിന്റ് മേക്കിംഗിൽ ബി.എഫ്.എയും (1992) ഗ്രാഫിക് ആർട്‌സിൽ എം.എഫ്.എയും (1995) കരസ്ഥമാക്കി. അഹമ്മദാബാദിലെ സിഡാക്കിൽ നിന്ന് മൾട്ടി മീഡിയയിൽ ഡിപ്ലോമയും നേടി. ഇന്ത്യയിലും വിദേശത്തുമായി ഡസൻ കണക്കിന് സോളോ ഷോകൾക്ക് പുറമെ പ്രമുഖമായ നിരവധി ഗ്രൂപ്പ് ഷോകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേരള ലളിതകലാ അക്കാഡമി അവാർഡ് (1997-98), കനോറിയ സ്‌കോളർഷിപ്പ് ഫോർ പ്രിന്റ് മേക്കിംഗ് (1997), കേന്ദ്ര സർക്കാരിന്റെ കൾചറൽ സ്‌കോളർഷിപ്പ് (1993-95), ജൂനിയർ ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി അവാർഡുകളും സ്‌കോളർഷിപ്പുകളും നേടിയിട്ടുണ്ട്. പെയിന്റിംഗിന് പുറമെ നിരവധി ആർട്‌സ് പെർഫോമുകളും വീഡിയോ ഇൻസ്റ്റാളേഷനുകളും മുരളിയുടേതായുണ്ട്. ടാഗോർ, സാമുവൽ ബെക്കറ്റ്, ബാദൽ സർക്കാർ തുടങ്ങിയവരുടെ കൃതികൾ ഉൾപ്പെടെ ഏതാനും നാടകങ്ങൾ അദ്ദേഹം ദൃശ്യവത്കരിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. വീഡിയോ ഇൻസ്റ്റാളേഷനു പുറമേ എന്റോസൾഫാനുമായി ബന്ധപ്പെട്ട് 'ത്രൂ മൈ പേപ്പർ വിന്‌ഡോസസ് ഹോൾ ' എന്ന ഡോക്യുമെന്ററിയും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
മുരളിയുടെ കലാസൃഷ്ടികൾ ഫ്രാങ്ക് കോഹൻ ശേഖരം ഉൾപ്പെടെ ഇന്ത്യ, യു.എസ്.എ, ജപ്പാൻ, ഫ്രാൻസ്, കാനഡ, ഹോളണ്ട്, മിഡിൽ ഈസ്റ്റ് മുതലായ സ്ഥലങ്ങളിൽ നിരവധി പ്രശസ്തമായ ശേഖരങ്ങളിൽ ഇടം നേടിയിട്ടുണ്ട്. കല, ഡിസൈൻ മേഖലകളിൽ, സ്‌കൂൾ ഒഫ് ആർക്കിടെക്ചർ, സി.ഇ.പി.ടി, കനോറിയ സെന്റർ അഹമ്മദാബാദ്, എൻ.ഐ.എഫ്.ടി. (ചെന്നൈ, ബാംഗ്ലൂർ) എന്നിവിടങ്ങളിലടക്കം ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്. ഒരു വിദ്യാഭ്യാസ വിചക്ഷണനെന്ന നിലയിൽ, വാസ്തു വിദ്യയുമായി ബന്ധപ്പെട്ട് മുരളി നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ക്ലാസുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ആർട്ട് ഇന്റഗ്രേറ്റഡ് പഠനരംഗത്തും അദ്ദേഹം ഏറെ സജീവമായി പ്രവർത്തിക്കുന്നു.
ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിര താമസം. മുല്ലശ്ശേരി ചീരോത്ത് പരേതനായ സി.പി. കൃഷ്ണന്റെയും കമലാക്ഷിയുടെയും മകനാണ് മുരളി. മുല്ലശ്ശേരി ഹിന്ദു യുപി.സ്‌കൂളിലും മുല്ലശ്ശേരി ഗവ: ഹൈസ്‌കൂളിലുമായാണ് പഠിച്ചത്. വിദ്യയാണ് ഭാര്യ. മക്കൾ: ഇസ്ര മുരളി (ആർക്കിടെക്ടർ വിദ്യാർത്ഥിനി), കൃഷ്ണ മുരളി (റ്ഷിവാലി സ്‌കൂൾ).
മുരളിയുടെ സൃഷ്ടികൾ പലപ്പോഴും നഗര ജീവിതത്തിലും അതിന്റെ അനിശ്ചിതത്വങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററികളും പെർഫോമൻസുകളും ഒരവസ്ഥയിൽ നഗരജീവിതത്തിന്റെ ആഡംബരത്തിന്റെയും കെട്ടിക്കാഴ്ചയുടെയും പിന്നിലെ ഇരുണ്ട യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയുടെ പ്രതിഫലനം കൂടിയാണ്.