 മണലൂർ - ഏനാമാവ് കടവ് സ്റ്റീൽ നടപ്പാലം
മണലൂർ - ഏനാമാവ് കടവ് സ്റ്റീൽ നടപ്പാലം
കാഞ്ഞാണി: മണലൂർ - ഏനാമാവ് കടവ് സ്റ്റീൽ നടപ്പാലത്തിലെ ബൾബുകൾ കണ്ണടച്ചതോടെ യാത്രക്കാർ ഇരുട്ടിലായി. സ്റ്റീൽ പാലത്തിൽ സ്ഥാപിച്ചിട്ടുള്ള 12 ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി. ഇതോടെ വൈകുന്നേരമായാൽ പാലം ഇരുട്ടിലാകും. രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് പാലത്തിൽ വെളിച്ചമില്ലാതെ വെട്ടിലാകുന്നത്. ഇഴ ജന്തുക്കളുടെ ആക്രമണം ഭയന്ന് പലരും ഇതുവഴിയുള്ള യാത്ര ഉപേക്ഷിക്കുകയാണ്.
സ്റ്റീൽ പാലം നടപ്പാതയാണെങ്കിലും ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കുടുതൽ ഇതിലേ കടന്നുപോകുന്നത്. ഇരുട്ടിൽ പാലത്തിലൂടെ വാഹനങ്ങൾ പാഞ്ഞുവരുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. പലപ്പോഴും ഇത്തരത്തിൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സ്റ്റീൽ പാലത്തിന്റെ ലൈറ്റുകൾ കത്താത്തത് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതുവരെ നടപടിയായില്ല.ഷാനി അനിൽകുമാർ
വാർഡ് അംഗം
സ്റ്റീൽ പാലത്തിൽ ലൈറ്റ് തെളിയുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത് ലൈറ്റുകൾ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും.
പി.ടി. ജോൺസൺ
പഞ്ചായത്ത് പ്രസിഡന്റ്