തൃപ്രയാർ: ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ 10,008 ദീപങ്ങളാൽ ദീപോത്സവം നടത്തി. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന സമയം ക്ഷേത്രദീപങ്ങൾ തെളിഞ്ഞു. തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ആദ്യ തിരി തെളിച്ചു. ആവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമപ്പണിക്കരും കുടുംബവും ക്ഷേത്രത്തിനകത്തും പുറത്തും തയ്യാറാക്കി വച്ചിരുന്ന ദീപങ്ങളിലേക്ക് തിരി പകർന്നു നൽകി. ദേവസ്വം മാനേജർ എം. മനോജ്കുമാർ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ടി.ജെ. സുമന, സനാതന ധർമ്മപാഠശാല പ്രസിഡന്റ് സുലോചന ശക്തിധരൻ, ഡെവലപ്പ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.ജി. നായർ, എം.എ. കൃഷ്ണനുണ്ണി, വി.ആർ. പ്രകാശൻ എന്നിവർ നേതൃത്വം നൽകി. രാവിലെ അഞ്ച് കിലോ നെയ്യ് കൊണ്ട് അഭിഷേകവും വൈകിട്ട് ശാസ്താവിന് പുഷ്പാഭിഷേകവുമുണ്ടായി.