മാളക്കടവ് പൈതൃക സംരക്ഷണം. മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും
മാള: മാളക്കടവ് പൈതൃക സംരക്ഷണത്തിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ . മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി ഭൂമിയുടെ ഡിജിറ്റൽ സർവേ തുടങ്ങി.
സർവേ പൂർത്തിയായതിന് ശേഷം കടവിൽ പൂർത്തികരിക്കേണ്ടതായ പദ്ധതികളുടെ മാസ്റ്റർ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ഈ വർഷം തന്നെ സർക്കാരിൽ നിന്ന് അനുമതി നേടാൻ ശ്രമിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവൃത്തികൾ നടപ്പിലാക്കുന്നത്. ഇതിനായി മാളക്കടവിനോട് ചേർന്ന് മാള ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലം പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി മുസ്‌രിസ് പൈതൃക പദ്ധതിയിലേയ്ക്ക് കൈമാറിയിരുന്നു.
മാളക്കടവ് പൈതൃക സംരക്ഷണ പദ്ധതി പൂർത്തിയായാൽ
കടവിൽ ബോട്ട് ജെട്ടി നിർമ്മാണം, കടവ് സൗന്ദര്യവത്കരണം, തുറന്ന സ്‌റ്റേജ്, വിസിറ്റേഴ്‌സ് സെന്റർ, മാള കോട്ടപ്പുറം ജലപാത പുനരുജ്ജീവനം എന്നിവയും കടവിനോട് ചേർന്ന് തോമസ് മാസ്റ്ററുടെ സ്മാരകമായി തിരുക്കൊച്ചിയുടെ രാഷ്ട്രീയ ചരിത്രം ഉൾക്കൊള്ളുന്ന രാഷ്ട്രീയ ചരിത്ര മ്യൂസിയം എന്നിവ സ്ഥാപിക്കും.