 
മണ്ണുത്തി: കർഷിക വൃത്തി പ്രോത്സാഹിക്കുന്നതിനും ജനങ്ങൾക്ക് മികച്ച ഭക്ഷ്യ വസ്തുക്കൾ ലഭിക്കുന്നതിനുമായി കാർഷിക സർവകലാശാലകളുടെ നിലനിൽപ്പ് അത്യന്താപേക്ഷിതമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള അഗ്രികൾചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്റെ 31-ാമത് സംസ്ഥാന സമ്മേളനം മണ്ണുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖല പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ അത് ജനങ്ങളുടെ ഭക്ഷണക്രമത്തെയും ബാധിക്കുന്നു. കാർഷിക സർവകലാശാലയുടെ അഭിവൃദ്ധിക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ കൂട്ടായ ശ്രമം വേണം. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ സർവകലാശാലയിലെ നിയമനങ്ങളിൽ ഒരു പരാതിയും ആർക്കും ഉന്നയിക്കാൻ ഇടം നൽകിയിട്ടില്ല. ഇപ്പോൾ നിലനിൽക്കുന്ന ഫാം ഓഫീസർമാരുടെ നിയമനവും കാലവിളംബമില്ലാതെ നടത്തുംമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കൃഷിക്കാർക്ക് ചെന്നെത്താനുള്ള അത്താണിയാണ് കാർഷിക സർവകലാശാലയെന്ന് മുഖ്യാതിഥിയായി സംസാരിച്ച റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സർവകലാശാലയിലെ അദ്ധ്യാപകരുടേയും ഓഫീസർമാരുടേയും തൊഴിലാളികളുടേയും നിയമനങ്ങൾ തികച്ചും ആക്ഷേപരഹിതമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയിൽ നിന്നും വിരമിച്ചവർക്കുള്ള സംഘടനയുടെ ഉപഹാരം മന്ത്രി പ്രസാദ് കൈമാറി. സംഘടന സംസ്ഥാന പ്രസിഡന്റ് എസ്. രാജാമണി അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, സി.പി.ഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി ടി.ആർ. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.ഒ. ജോയ്, ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: എസ്. ഗോപകുമാർ, പി.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.