 
ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. രാവിലെ 9.30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാ അത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു സാഹിബ് കൊടി ഉയർത്തി. നേർച്ചയുടെ വരവ് അറിയിച്ച് പാലക്കാട് ബദരിയ മുട്ടും വിളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഹുസൈൻ ഹാജി നയിക്കുന്ന മുട്ടുംവിളി ആരംഭിച്ചു. സെക്രട്ടറി എ.വി.അഷറഫ്, ട്രഷറർ എ.പി. ഷഹീർ, വൈസ് പ്രസിഡന്റുമാരായ എൻ.കെ. സുധീർ, ടി.പി. കുഞ്ഞിമുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ കുഞ്ഞിൻ ഹാജി, മൊയ്തീൻ ഷാ, കമ്മിറ്റി അംഗങ്ങളായ അലിക്കുട്ടി, ഷുക്കൂർ മൗലവി, പി.കെ. ഇസ്മായിൽ, അബ്ദുൽ ഹാജി, കെ.സി.നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. മുദരിസ് അബ്ദുല്ലത്തീഫ് ദാരിമി അൽ ഹൈതമി, ഖത്തീബ് കമറുദ്ദിൻ ബാദുഷ തങ്ങൾ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ചക്കര കഞ്ഞി വിതരണവും നടന്നു. സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന നാലകത്ത് ചാന്ദിപുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ധീര സ്മരണയിൽ ആഘോഷിക്കുന്ന 234-ാമത് ആണ്ട് നേർച്ച കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 28, 29 തീയതികളിലാണ് നടക്കുക. ചാവക്കാട് പഴയപാലം താബൂത്ത് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് ഏഴിന് താബൂത്ത് അലങ്കരിച്ചൊരുക്കുന്നതിനായി കൊണ്ടുപോകും.