 ഗോപി മാമ്പുള്ളി രചിച്ച ദേശത്തിന്റെ സമരമുഖങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നിന്ന്.
ഗോപി മാമ്പുള്ളി രചിച്ച ദേശത്തിന്റെ സമരമുഖങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നിന്ന്.
കാഞ്ഞാണി: പോരാട്ടങ്ങളിലൂടെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറിയതെന്ന് റവന്യു
മന്ത്രി കെ രാജൻ. ഗോപി മാമ്പുള്ളി രചിച്ച ദേശത്തിന്റെ സമരമുഖങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏനാമാവ് - പെരിങ്ങോട്ടുകര പ്രദേശങ്ങളിലെ കുലമുറി - ചകിരി തൊഴിലാളി സമരങ്ങളെല്ലാം ജനിച്ച മണ്ണിൽ മനുഷ്യനെ പോലെ ജീവിക്കാനുള്ള പോരാട്ടങ്ങളായിരുന്നു. ഇത്തരം പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടാക്കിമാറ്റാൻ പ്രയത്‌നിച്ചത്.
കാഞ്ഞാണി സിംല ഹാളിൽ നടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി റവന്യുമന്ത്രിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. സാഹിത്യകാരൻ അശോകൻ ചെരുവിൽ പുസ്തകം പരിചയപ്പെടുത്തി. സാഹിത്യരചനയിൽ അറുപതാണ്ട് പൂർത്തിയാക്കിയ ഗ്രന്ഥകാരൻ ഗോപി മാമ്പുള്ളിയെ മുരളി പെരുനെല്ലി എം.എൽ.എ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ പി.ടി. ജോൺസൺ അദ്ധ്യക്ഷനായി. പി.കെ. കൃഷ്ണൻ, കെ.കെ. പ്രകാശൻ, ശിവരാമൻ കണിയാംറമ്പിൽ, എം.വി. ഷാജി, ടി.കെ. മാധവൻ, അശോകൻ ചരുവിൽ, കവയിത്രി കവിത തുടങ്ങിയവർ സംസാരിച്ചു.