ചാലക്കുടി: അതിരപ്പിള്ളിയിൽ സ്വകാര്യ റിസോർട്ട് ഉടമ കൈയ്യടക്കിയ പഞ്ചായത്തിന്റെ പൊതുവഴികളിൽ ഒന്ന് പിടിച്ചെടുത്തു. താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ നടന്ന അളവിന് ശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള ഒരു വഴിയുടെ അതിർത്തി കല്ലുകൾ കണ്ടെത്തുകയായിരുന്നു. മറ്റ് രണ്ട് വഴികൾ കണ്ടെത്തുന്നതിന് വീണ്ടും ജനുവരി 21 ന് അളവ് നടത്തും. പഞ്ചായത്ത് ഭരണ സമിതി മാസങ്ങൾക്ക് മുൻപ് നൽകിയ അപേക്ഷയിലാണ് റവന്യു അധികൃതർ സ്ഥലം അളക്കാനെത്തിയത്. വെള്ളച്ചാട്ടത്തിന് താഴെയുള്ള പഞ്ചായത്ത് വഴികൾ റിസോർട്ടുകളുടെ വരവോടെയാണ് നഷ്ടപ്പെട്ടതെന്ന് പറയുന്നു. മുൻകാലത്തെ ഭരണസമിതി ഔദ്യോഗിക തീരുമാനമില്ലാതെ പഞ്ചായത്ത് വഴികൾ വച്ചുമാറ്റം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് കോടതികളിൽ കേസും നടന്നു. ഇതെല്ലാം ഒത്തുതീർപ്പായെങ്കിലും പഞ്ചായത്തിന് സ്വന്തമായ വഴികൾ കണ്ടെത്താനായില്ല. ഇവിടുത്തെ ഒരു റിസോർട്ടിന്റെ പറമ്പിൽ കൂടിയാണ് മൂന്ന് വഴികളും കടന്നു പോകുന്നത്. താലൂക്ക് സർവേയർ പി.ഷീന, എം.വി. രാജീവ് എന്നിവർ സ്ഥലം അളവിന് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, സെക്രട്ടറി പി.ജി .പ്രദീപ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

പഞ്ചായത്തിന് വഴികൾ തിരിച്ച് കിട്ടിയാൽ

*അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ താഴത്തെ കാഴ്ചയിലേക്ക് വാഹനങ്ങൾക്കെത്താനാകും.

* വനം വകുപ്പിന്റെ അനുമതിയില്ലാതെ വെള്ളച്ചാട്ടത്തിന് താഴെയെത്തി കാഴ്ചകൾ ആസ്വദിക്കാം.

* ഇവിടെയുള്ള പഞ്ചായത്തിന്റ പാർക്കിംഗ് ഗ്രൗണ്ടിലേക്കും എളുപ്പത്തിൽ എത്തിച്ചേരാം.

*എസ്. കണ്ണൻകുഴിയിൽ നിന്നും സുഗമമായി വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലേക്കും എത്താനാകും.