തളിക്കുളം: പാലിയേറ്റീവ് വിഭാഗത്തിലെ ആറ് കുടുംബങ്ങൾക്ക് ധനസഹായം നൽകി ഓട്ടോ ഡ്രൈവർ ജാബിർ തൃത്തല്ലൂർ. തളിക്കുളം പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണ ചടങ്ങിലാണ് തുക കൈമാറിയത്. തന്റെ ഓട്ടോയിൽ കളക്ഷൻ ബോക്‌സ് വച്ചും ഓട്ടത്തിന്റെ റിട്ടേൺ പൈസ മാറ്റിവച്ചുമാണ് ജാബിർ പണം സ്വരൂപിച്ചത്. 2018 മുതലാണ് ഈ പ്രവർത്തനം ആരംഭിച്ചത്. സി.സി. മുകുന്ദൻ എം.എൽ.എ ധനസഹായം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. മെഹബൂബ്, ബുഷ്‌റ അബ്ദുൾ നാസർ, ഷാജി അലുങ്ങൽ, സിംഗ് വാലത്ത്, സി.കെ. ഷിജി, ഷൈജ കിഷോർ തുടങ്ങിയവർ പങ്കെടുത്തു.