കയ്പമംഗലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിപാഹം ലഭിക്കുന്നതിനായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമതി കയ്പമംഗലം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. നിലവിൽ പ്രഖ്യാപിക്കപ്പെട്ട പാക്കേജ് അപര്യാപ്തമാണ്. ഇക്കാര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമിയേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർക്ക് പരാതി നൽകിയിട്ടും ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിക്കൊണ്ടിരിക്കുന്ന നടപടിയിൽ യോഗം പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്നും വ്യാപാരികൾ പറഞ്ഞു. യൂണിറ്റ് സെക്രട്ടറി വി.ആർ. ഉല്ലാസ് അദ്ധ്യക്ഷനായി. കെ.പി. റെജി, ടി.എസ്. മുബാറക്, അഡ്വ. കെ.പി. മനോജ്, പി.എസ്. മുഹമ്മദ്, അബ്ദുൾ കരീം, പ്രദീപ് എന്നിവർ സംസാരിച്ചു.