
ഗുരുവായൂർ: ഒമിക്രോൺ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ, ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഈ വർഷവും ദേശപ്പകർച്ചയ്ക്ക് പകരം ഭക്തർക്കായി ഭക്ഷ്യക്കിറ്റ് നൽകാൻ ദേവസ്വം ഭരണ സമിതിയോഗം തീരുമാനിച്ചു. 30,000 കിറ്റുകളാണ് വിതരണം ചെയ്യുക. അഞ്ച് കിലോ മട്ട അരി, മുതിര, ശർക്കര, വെളിച്ചെണ്ണ, പപ്പടം, നാളികേരം, വറ്റൽ മുളക് തുടങ്ങിയവ കിറ്റിലുണ്ടാകും. കൊവിഡ് കാരണം കഴിഞ്ഞവർഷം ഉത്സവത്തിനും കിറ്റുകളുമായിരുന്നു നൽകിയിരുന്നത്. ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകാത്ത പുഷ്പങ്ങളും തുളസിമാലയും നാളെ മുതൽ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകുന്നത് വിലക്കേർപ്പെടുത്തി. ചെത്തി, മന്ദാരം, താമര എന്നീ പൂക്കളും മാല കെട്ടാത്ത തുളസിയും മാത്രമേ ക്ഷേത്രത്തിൽ സ്വീകരിക്കേണ്ടതുള്ളൂവെന്നും യോഗം തീരുമാനിച്ചു. ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി.