 
വടക്കാഞ്ചേരി: ഷഷ്ഠിപൂർത്തിയോട് അനുബന്ധിച്ച് പ്രളയത്തിൽ വീട് തകർന്ന നിർദ്ധന കുടുംബത്തിന് ഭവനമൊരുക്കി വയോധികൻ. പൊതുപ്രവർത്തകനായ അത്താണി പെരിങ്ങണ്ടൂർ സ്വദേശി കുഴിക്കാട്ടിൽ വീട്ടിൽ കെ.എസ്. ബാലകൃഷ്ണനാണ് തന്റെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ച് അത്താണി സ്വദേശിനി മുല്ലക്കൽ വീട്ടിൽ വിലാസിനി(72)ക്കും കുടുംബത്തിനും ഭവനം നിർമിച്ചു നൽകിയത്.
തത്വമസി അയ്യപ്പഭവനം എന്ന് പേരിട്ട വീട് കുടുംബത്തിന് കൈമാറി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ആർ. ഷാജൻ താക്കോൽദാനം നിർവഹിച്ചു. ബാബു അത്താണി, വി.ബി. പീതാംബരൻ, രാധാകൃഷ്ണൻ രാമചന്ദ്രൻ മിണാലൂർ, പെരിയസ്വാമി, കൗൺസിലർമാരായ സേവ്യർ മണ്ടുംപാല, മധു അമ്പലപുരം, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
സ്വകാര്യകമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ബാലകൃഷ്ണൻ തന്റെ സമ്പാദ്യത്തിൽ നിന്നും മിച്ചം പിടിച്ചും സന്നദ്ധ പ്രവർത്തകരുടെ ചെറിയ സഹായം സ്വീകരിച്ചുമാണ് മൂന്ന് ലക്ഷം രൂപ ചെലവിൽ കുടുംബത്തിന് കൊച്ചു ഭവനം നിർമിച്ചു നൽകിയത്. ഭാര്യ കാർത്യായനി, മകൾ കൃഷ്ണപ്രിയ എന്നിവരുടെ പിന്തുണയും ഇദ്ദേഹത്തിന് കരുത്തേകുന്നുണ്ട്.