പാവറട്ടി: എളവള്ളി പഞ്ചായത്ത് തെരുവു വിളക്കുകളുടെ സംരക്ഷണത്തിൽ മാതൃകയാവുന്നു. സംസ്ഥാന സർക്കാർ നയപ്രകാരം എൽ.ഇ.ഡി. ബൾബുകളാണ് പഞ്ചായത്ത് സ്ഥാപിക്കുന്നത്. പഞ്ചായത്തിൽ ആകെ 2850 തെരുവ് വിളക്കുകളുണ്ട്. പൊതുമരാമത്ത് റോഡുകളിൽ നിലവിലുള്ള ബൾബുകൾ മാറ്റി 18 വാട്ട് ബൾബുകൾ സ്ഥാപിക്കും. ഇതിനായി 700 ബൾബുകൾ വാങ്ങി.

അഴിച്ചു മാറ്റുന്ന 9 വാട്ട് ബൾബുകൾ ഉൾപ്രദേശങ്ങളിലെ പഞ്ചായത്ത് റോഡുകളിലെ പോസ്റ്റുകളിൽ സ്ഥാപിക്കും. പഴയ ബൾബുകളുടെ അവശിഷ്ടങ്ങൾ പോസ്റ്റിൽ നിന്നും അഴിച്ചുമാറ്റും. തെരുവുവിളക്കുകൾ സ്വിച്ച് ഓൺ ചെയ്യാൻ താത്പര്യമുള്ള വ്യക്തികളുടേയോ സ്ഥാപനങ്ങളുടേയോ പരിസരത്തേക്ക് ടൈമർ സ്വിച്ച് ഘടിപ്പിക്കും.

തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി കരാറുകാരുമായി സെക്യൂരിറ്റി തുക സ്വീകരിച്ച് ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. നിബന്ധന പാലിക്കപ്പെടാത്ത പക്ഷം സെക്യൂരിറ്റി തുക പഞ്ചായത്തിലേക്ക് ലയിപ്പിക്കും.

പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ തെരുവുവിളക്ക് പരിപാലന പദ്ധതി രണ്ടുമാസമായി വൻ വിജയമായി മാറിയെന്നത് ആനന്ദകരമാണ്.

- ജിയോ ഫോക്‌സ്,​ എളവള്ളി പഞ്ചായത്ത് പ്രസിഡന്റ്

ബൾബ് വിവരം

തെരുവുവിളക്കുകൾ കത്താത്ത പക്ഷം പരിസരവാസികൾക്ക് പ്രസ്തുത വിവരം പഞ്ചായത്ത് മെമ്പറെയോ പ്രസിഡന്റിനെയോ അറിയിക്കാം. മെമ്പർമാരുടെയും റിപ്പയറിംഗ് കരാറുകാരുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്. മെമ്പർമാർ ലഭിച്ച പരാതികൾ ഗ്രൂപ്പുകളിലേക്ക് അയക്കും. എല്ലാ മാസവും ഒന്ന് മുതൽ അ‌ഞ്ച് വരെയുള്ള ദിവസങ്ങളിൽ അറ്റകുറ്റപ്പണി കരാറുകാർ എല്ലാ ബൾബുകളും പ്രവർത്തനക്ഷമമാക്കണം.