പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ മതുക്കര വടക്ക് കോൾ പാടശേഖരത്തിൽ വൻ കൃഷിനാശം. 232 ഏക്കറിൽ കൃഷിയിറക്കിയ കർഷകർക്കാണ് ഇലകരിച്ചിലും കടചീയൽ രോഗവും മൂലം വൻ നഷ്ടമുണ്ടായത്. 700 ടണ്ണോളം നെല്ല് കിട്ടാറുള്ള ഈ പടവിൽ ബാക്ടീരിയ ബാധമൂലം ഇത്തവണ കിട്ടിയത് 100 ടണ്ണിൽ താഴെ മാത്രം.
നല്ല വിളവ് ലഭിക്കുന്ന ഉമ നെൽവിത്താണ് വിതച്ചിരുന്നത്. നെൽച്ചെടിയിൽ രോഗബാധയുണ്ടായപ്പോൾ മുതൽ കൃഷിവകുപ്പ് ശുപാർശ ചെയ്ത മരുന്നുകൾ കർഷകർ പാടത്ത് പ്രയോഗിച്ചിരുന്നു. എന്നാൽ ഇവയൊന്നും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം കൊയ്ത്ത് നടന്ന പാടത്ത് കർഷകർ കണ്ണീരോടെയാണ് കൃഷിനാശത്തിന്റെ ആഴം കണ്ടു നിന്നത്.
മുപ്പത് വർഷത്തോളമായി മതുക്കര വടക്ക് കോൾ പാടശേഖരം പ്രസിഡന്റും, കർഷകനുമായ മുരളി പെരുനെല്ലി എം.എൽ.എയുടെ അടുത്ത് കർഷകർ കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഏക്കറിന് 35,000 രൂപയോളം ചെലവാക്കിയാണ് ഓരോ കർഷകനും കൃഷിയിറക്കിയിട്ടുള്ളത്. രോഗം ബാധിച്ച നെല്ല് സംരക്ഷിക്കാൻ കർഷകർ ചെലവാക്കിയ തുകയും സംസ്ഥാന സർക്കാരിന്റെ വിള ഇൻഷ്വറൻസും അടിയന്തരമായി ലഭ്യമാക്കണമെന്ന് കർഷകർ പറയുന്നു.
ഒട്ടുമിക്ക പാടശേഖരങ്ങളിലും പടർന്നുപന്തലിച്ച കർഷകന്റെ മനോവീര്യം തകർക്കുന്ന ബി.എൽ.ബി എന്ന രോഗത്തിന് സർക്കാർ, കൃഷിവകുപ്പ്, കാർഷിക സർവകലാശാല തുടങ്ങിയവർ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും കർഷകർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പടവ് പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജ്, പാടശേഖര സമിതി സെക്രട്ടറി ഇ.ഡി. സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിൽ കൃഷിനാശം വിലയിരുത്തി.
ജൈവവളം ഉപയോഗിച്ചവർക്ക് നെല്ലിന് രോഗബാധ കുറവാണ്. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമാണ് നിലവിൽ സർക്കാർ സഹായമുള്ളത്. കൃഷി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- മുരളി പെരുനെല്ലി എം.എൽ.എ (മതുക്കര വടക്ക് കോൾ പടവ് പ്രസിഡന്റ്)
ഏറ്റവും വലിയ കോൾപ്പാട മേഖലയായ മുല്ലശ്ശേരിയിലെ ഇത്തവണത്തെ കൃഷി നാശം പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉചിതമായ നഷ്ട പരിഹാരം നൽകണം.- ശ്രീദേവി ജയരാജൻ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്