cpm

തൃശൂർ : പ്രാദേശികതലങ്ങളിൽ വിപുലമായ പ്രചാരണങ്ങളോടെ, സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കം അവസാനഘട്ടത്തിൽ. സമ്മേളനത്തിന്റെ ഭാഗമായി നടന്നുവരുന്ന സെമിനാർ പൂർത്തിയായി. കൊവിഡ് വ്യാപനത്തെ തുടർന്ന് സമ്മേളനം ആൾക്കൂട്ടം ഒഴിവാക്കിയാണ് നടത്തുന്നത്. മറ്റെല്ലാ സംഘടനകളും പൊതുപരിപാടികൾ മാറ്റിവച്ച സ്ഥിതിക്ക് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയാൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചേക്കും.

അതുകൊണ്ട് സമ്മേളന പ്രതിനിധികളുടെ എണ്ണം കുറച്ചതിനൊപ്പം പൊതുസമ്മേളനം ഓൺലൈനാക്കി. അഞ്ഞുറോളം പേരാണ് പ്രതിനിധികളായെത്തേണ്ടത്. ഇത് 200 പേരാക്കി ചുരുക്കി. ബാക്കിയുള്ളവർ ഓൺലൈനായി പങ്കെടുക്കും. തേക്കിൻകാട് മൈതാനിയിൽ നടത്താൻ നിശ്ചയിച്ച സെമിനാറുകൾ സാഹിത്യ അക്കാഡമി ഹാളിലേക്ക് മാറ്റി.

പുതിയ വിവാദവും ചർച്ചയാകും

ജില്ലാ സമ്മേളനത്തിൽ കരുവന്നൂർ വിഷയം സജീവ ചർച്ചയാകുമെന്ന കണക്കുക്കൂട്ടലിനിടയിൽ കൈകൊട്ടിക്കളി വിവാദവുമെത്തി. കഴിഞ്ഞ ദിവസം തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ കൈകൊട്ടിക്കളി വിവാദമായിരുന്നു. ഇതും സമ്മേളനത്തിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവെച്ചേക്കും. തിരുവനന്തപുരത്ത് വിവാദമായപ്പോൾ ജാഗ്രത പാലിക്കണമായിരുന്നുവെന്ന വിമർശനം ഉയർന്നിരുന്നു.

പത്ത് ശതമാനം വനിതകൾ വന്നേക്കും

ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പത്ത് ശതമാനം വനിതകൾ വന്നേക്കും. 45 അംഗ ജില്ലാ കമ്മിറ്റിയിൽ നിലവിൽ മൂന്ന് പേർ മാത്രമേയുള്ളൂ. മന്ത്രി ആർ.ബിന്ദു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ എന്നിവരാണവർ. നേരത്തെ ഇരിങ്ങാലക്കുടയിൽ നിന്ന് കെ.ആർ.വിജയ ഉണ്ടായിരുന്നെങ്കിലും കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ട് തരംതാഴ്ത്തി. സെക്രട്ടേറിയറ്റിലേക്ക് വനിതാ പ്രതിനിധിയെന്ന നിലയിൽ മേരിതോമസിനെ ഉൾപ്പെടുത്തിയേക്കും. സമ്മേളന ദിവസങ്ങളിൽ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ചും സെക്രട്ടറിയേറ്റ് അംഗങ്ങളെ കുറിച്ചും ചർച്ച നടക്കും. നേരത്തെ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് മാത്രമായിരുന്നു സമ്മേളനങ്ങളിൽ നടന്നിരുന്നത്. പിന്നീടായിരുന്നു സെക്രട്ടേറിയറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചിരുന്നത്.