കൊടുങ്ങല്ലൂർ പുല്ലൂറ്റ് പാലത്തിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ - തൃശൂർ റോഡിലുള്ള പുല്ലൂറ്റ് പാലം ഇനി മുതൽ പ്രകാശ പൂരിതമാകും. പാലത്തിന്റെ ഇരുവശങ്ങളിലും എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചു. ഓരോ വശത്തും 42 വീതം ബൾബുകൾ ഉൾപ്പെടെ 84 ബൾബുകൾ പാലത്തിൽ പ്രകാശം പരത്തും.

കാലങ്ങളായി ഉന്നയിച്ചിരുന്ന ജനങ്ങളുടെ പരാതിക്കാണ് ഇതോടെ പരിഹാരമായത്. രാത്രിയായാൽ ഇതുവഴിയുള്ള കാൽനടയാത്ര ദുഃസ്സഹമായിരുന്നു. പലപ്പോഴും ഇഴജന്തുക്കളുടെ ആക്രമണം യാത്രക്കാർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

പാലത്തിൽ നിന്ന് ഇരുട്ടിന്റെ മറവിൽ ടോയ്‌ലറ്റ് - കോഴിമാലിന്യം പുഴയിലേയ്ക്ക് ഇടുന്നതായും പരാതിയുയർന്നിരുന്നു. മാലിന്യങ്ങൾ പുഴയോരത്ത് അടിഞ്ഞുകൂടുന്നത് പുഴയോരനിവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അപ്പോഴെല്ലാം അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായിരുന്നില്ല.

ചുങ്കത്ത് ബാലചന്ദ്രനാണ് ലൈറ്റുകൾ സ്‌പോൺസർ ചെയ്തത്. വൈദ്യുതി ചാർജ് നഗരസഭ വഹിക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ, വി.എം. ജോണി എന്നിവർ പ്രസംഗിച്ചു.