 
കുന്നംകുളം: സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സിൽവർ ലൈൻ വിരുദ്ധ സമരസമിതി എ.സി. മൊയ്തീൻ എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കുന്നംകുളം നഗരകേന്ദ്രത്തിൽ നിന്നാരംഭിച്ച മാർച്ച് കവി അൻവർ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ സിൽവർ ലൈൻ വിരുദ്ധ സമരസമിതി ചെയർമാൻ കെ. ശിവരാമൻ അദ്ധ്യക്ഷനായി. ആർ.എം.പി സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ്, ജില്ല സെക്രട്ടറിയും സമരസമിതി കൺവീനറുമായ പി.ജെ. മോൻസി, വെൽഫെയർ പാർട്ടി കുന്നംകുളം മണ്ഡലം വൈസ് പ്രസിഡന്റ് ബദറുദ്ദീൻ, പി.യു.സി.എൽ ജില്ലാ പ്രസിഡന്റ് ടി.കെ. വാസു, സമരസമിതി ട്രഷറർ എ.എം. ഗഫൂർ എന്നിവർ സംസാരിച്ചു. തുടർന്ന് നഗരം ചുറ്റി എം.എൽ.എയുടെ ഓഫീസിന് മുന്നിൽ എത്തിയ മാർച്ച് പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണയിൽ ജില്ലാ സിൽവർ ലൈൻ വിരുദ്ധ സമരസമിതി ചെയർമാൻ കെ. ശിവരാമൻ, ആർ.എം.പി കൗൺസിലർമാരായ ബീന രവി, സന്ദീപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കേരളത്തിലെ സമ്പത്ത് വ്യവസ്ഥയേയും പാരിസ്ഥിതിക സന്തുലനത്തേയും തകിടം മറിക്കുന്ന സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും ഇതിനായി ജനപ്രതിനിധികൾ മുന്നോട്ടുവരണമെന്നും സമരസമിതി ആവശ്യപ്പെട്ടു.