കുന്നംകുളം: ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ചൊവ്വാഴ്ച രാവിലെ നിർമ്മാല്യത്തോടെ ചടങ്ങുകൾ തുടങ്ങും. വിശേഷാൽ പൂജകൾ, മഹാഗണപതി ഹോമം, മലർ നിവേദ്യം, ഉഷപൂജ, ഉച്ചപൂജ എന്നിവ നടക്കും. ചൊവ്വാഴ്ച പുലർച്ച മുതൽ തവിട് തൂളിക്കൽ നടക്കും. വസൂരി രോഗത്തിൽ നിന്നുള്ള മോചനത്തിനാണ് തവിട് തൂളിക്കൽ. എരിഞ്ഞിത്തറയെ മൂന്ന് തവണ വലയം ചെയ്താണ് വഴിപാട് സമർപ്പിക്കുന്നത്. ഭക്തജനങ്ങൾ ചൂലുകൾ വഴിപാടായി സമർപ്പിക്കും. വൈകീട്ട് അഞ്ചിന് നാടൻ വേലകൾ ക്ഷേത്രത്തിലെത്തും. രാത്രിയിൽ ക്ഷേത്രത്തിൽ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, പാന എന്നിവ ഉണ്ടാകും. നിരവധി ദേശങ്ങളിലെ തട്ടകത്തമ്മയായ ചാലിശ്ശേരി ഭഗവതിയുടെ പൂരാഘോഷം ഫെബുവരി 27 ന് ആഘോഷിക്കും.