കൊരട്ടി: കോനൂരിൽ വാർഡ് സഭ ബഹിഷ്‌കരിച്ച് പഞ്ചായത്ത് പ്രസിഡന്റും എൽ.ഡി.എഫും. ബി.ജെ.പി-കോൺഗ്രസ് രഹസ്യ ബാന്ധവം വാർഡ് സഭ സമ്മേളനത്തിലും പ്രകടമായെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അടക്കമുള്ള എൽ.ഡി.എഫ് പ്രവർത്തകർ യോഗത്തിൽ നിന്നും വിട്ടുനിന്നത്. യോഗത്തിനായി പഞ്ചായത്ത് തയ്യാറാക്കി വിതരണം ചെയ്ത നോട്ടീസിന് പുറമെ വാർഡ് പ്രതിനിധിയായ ബി.ജെ.പി അംഗം മറ്റൊരു നോട്ടീസും പുറത്തിറക്കി. എം.എൽ.എയ്ക്ക് സ്വീകരണം നൽകാനായിരുന്നു മറ്റൊരു നോട്ടീസ് വിതരണം ചെയ്തത്. ഇത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് മാറി നിന്നത്. വാർഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും നടത്തിയ ഒത്തുകളിയുടെ ബാക്കിപത്രമാണ് ഇപ്പോഴത്തെ യോഗത്തിന്റെ രഹസ്യ അജണ്ടയെന്ന് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് പി.എസ്. അഭിജിത്ത്, സെക്രട്ടറി അതുൽ സഹജൻ എന്നിവർ കുറ്റപ്പെടുത്തി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ വാർഡ്‌സഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിജി സുരേഷ് അദ്ധ്യക്ഷയായി. ആശാ വർക്കർമാരെ യോഗത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, ഫാ. ജോസ് മാഡൻ, പി.ജി. സത്യപാലൻ, എം.ജെ. ജോമോൻ, കെ.എ. സുരേഷ് എന്നിവർ പ്രസംഗിച്ചു.