കൊടുങ്ങല്ലൂർ: വാഹന അപകടത്തിൽ മരിച്ച ഒറ്റയാൾ സമരപോരളി അബ്ദുൾ ലത്തീഫിന് നാടിന്റെ യാത്രമൊഴി. ഞായറാഴ്ച ആനാപ്പുഴ ജംഗ്ഷനിലുണ്ടായ വാഹന അപകടത്തിലാണ് അബ്ദുൾ ലത്തീഫ് മരണപ്പെട്ടത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, വി.ആർ. സുനിൽകുമാർ എം.എൽ.എ, ഡി.സി.സി സെക്രട്ടറി ടി.എം. നാസർ തുടങ്ങിയവർ ആദരാഞ്ജലികളർപ്പിക്കാൻ എത്തിയിരുന്നു. തുടർന്ന് ചേരമാൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. കൊടുങ്ങല്ലൂർ ബൈപാസിൽ വഴി വിളക്കുകൾ സ്ഥാപിക്കണെമെന്ന് ആവശ്യപ്പെട്ട് ഒറ്റയാൾ സമരം നടത്തിവരികയായിരുന്നു അബ്ദുൾ ലത്തീഫ്. ഇതിനിടയിലാണ് മരണം സംഭവിച്ചത്. നഗരത്തിൽ മൂടിയില്ലാതെ കിടക്കുന്ന കാനകൾ, സിവിൽ സ്റ്റേഷനിലെ പ്രവർത്തന രഹിതമായ ലിഫ്റ്റ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ അധികൃതർക്കെതിരെ സന്ധിയില്ലാ സമരത്തിലായിരുന്നു അബ്ദുൾ ലത്തീഫ്.