തൃശൂർ: ഓട്ടുകമ്പനി തൊഴിലാളി സമര പ്രഖ്യാപന കൺവൻഷൻ 28 ന് നടത്തുമെന്ന് സംയുക്ത തൊഴിലാളി സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാലിയേക്കര എം.കെ.എം ഹാളിൽ രണ്ടിന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ മിനിമം കൂലി പുതുക്കിയിട്ട് ഏഴ് വർഷമായി. ഏറ്റവും ഒടുവിൽ 2015 ലാണ് കൂലി വർദ്ധിപ്പിച്ചത്. അവസാന ഡി.എ വർദ്ധന സഹിതം 445 രൂപയാണ് നിലവിലെ കൂലി. അദ്ധ്വാന ഭാരം കൂടുതലായിട്ടും കൂലി വർദ്ധനയില്ല. സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി പോലും നൽകാൻ ഉടമകൾ തയ്യാറാവുന്നില്ല. കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങിയിരിക്കുകയാണ്. ഇടക്കാല വർദ്ധനവ് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ജില്ലാ ലേബർ ഓഫീസർ വിളിച്ച് ചേർത്ത ചർച്ച, ഉടമകളുടെ പിടിവാശി മൂലം മൂന്നാം തവണയും അലസി. ഈ സാഹചര്യത്തിലാണ് പണിമുടക്ക് ആലോചിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ജില്ലാ ഓട്ടുകമ്പനി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി. ചന്ദ്രൻ, പ്രസിഡന്റ് പി.കെ. പുഷ്പാകരൻ, ആന്റണി കുറ്റൂക്കാരൻ (ഐ.എൻ.ടി.യു.സി), പി.ജി. മോഹനൻ (എ.ഐ.ടി.യു.സി) പി. ഗോപിനാഥ് (ബി.എം.എസ്) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.