കുന്നംകുളം: കടവല്ലൂർ പഞ്ചായത്തിലെ വടക്കേ കോട്ടോൽ നായാടിക്കോളനിക്ക് സമീപം നെൽവയൽ തരം മാറ്റാനുള്ള ശ്രമം റവന്യൂ അധികൃതർ തടഞ്ഞു. മണ്ണ് മാന്തി യന്ത്രം പിടിച്ചെടുത്തു. കോട്ടോൽ പാടശേഖരത്തിൽപ്പെടുന്ന വയലിൽ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ മതിൽ കെട്ടിത്തിരിച്ച് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന ജോലികളാണ് നടന്നിരുന്നത്. കുന്നംകുളം തഹസിൽദാർക്ക് ലഭിച്ച പരാതിയെത്തുടർന്ന് കരിക്കാട് വില്ലേജ് ഓഫീസറോട് സ്ഥലം പരിശോധന നടത്താൻ നിർദേശിക്കുകയായിരുന്നു. വില്ലേജ് ഓഫീസർ സ്വപ്ന എ.ജെ, ഉദ്യോഗസ്ഥരായ ജിയോ.കെ. വിത്സൺ, ലൗസൺ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. നിർമ്മാണജോലികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി. പിടിച്ചെടുത്ത മണ്ണ് മാന്തി യന്ത്രം തഹസിൽദാർക്ക് കൈമാറി. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ് നടപടി. പാടത്തേയ്ക്ക് കൊയ്ത്ത് മെതി യന്ത്രം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് കർഷകർ പറഞ്ഞു. സ്ഥല പരിശോധനയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ റവന്യൂ ഡിവിഷനൽ ഓഫീസർക്ക് റിപ്പോർട്ടായി നൽകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.