mmmm
കാരമുക്ക് മഞ്ചാടി റോഡിലെ അജൈവമാലിന്യക്കൂമ്പാരം.

കാഞ്ഞാണി: അജൈവമാലിന്യം നീക്കം ചെയ്യുന്നത് പ്രതിസന്ധിയിലായതോടെ കാഞ്ഞാണി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ. കാഞ്ഞാണി ആനക്കാട് അഞ്ചാം വാർഡിലെ പഞ്ചായത്ത് മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ പ്രതിസന്ധിയാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

ഹരിതകർമ്മസേന പ്രവർത്തകർ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് കവർ ഉൾപ്പെടെയുള്ള അജൈവമാലിന്യം ശേഖരിച്ചാണ് ആനക്കാട് മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ എത്തിക്കുന്നത്. വേർതിരിച്ച അജൈവ മാലിന്യമാണ് ചാക്കിൽ നിറച്ച നിലയിൽ പലയിടത്തും കെട്ടിക്കിടക്കൂന്നത്.

പഞ്ചായത്തുമായുള്ള കരാർപ്രകാരം ക്ലീൻകേരളയാണ് അജൈവമാലിന്യം കൊണ്ടുപോയിരുന്നത്. അജൈവ മാലിന്യം കൊണ്ടുപോകുന്നതിന് കിലോയ്ക്ക് പത്തുരൂപ വീതം ക്ലീൻ കേരളയ്ക്ക് പഞ്ചായത്ത് നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം അജൈവമാലിന്യം കൊണ്ടുപോകാൻ ക്ലീൻ കരേള സംഘം വന്നിട്ടില്ലത്രെ.

അജൈവ മാലിന്യം കെട്ടിക്കിടക്കുന്നത് അറിഞ്ഞില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ നിന്ന് അജൈവമാലിന്യം നീക്കം ചെയ്യുന്നത് നിലച്ചതോടെ 12, 17 വാർഡുകളിലെ റോഡരികിലാണ് മാലിന്യക്കൂമ്പാരമുള്ളത്.

പതിനേഴാം വാർഡിലെ മൺപാത്ര നിർമ്മാണ സൊസൈറ്റിക്ക് മുന്നിലും പന്ത്രണ്ടാം വാർഡിൽ കാരമുക്ക് മാഞ്ചാടി റോഡരികിലും കരുവാൻസ് റോഡരികിലുമാണ് മാസങ്ങളായി അജൈവമാലിന്യം നിറച്ച ചാക്കുകെട്ടുകളുടെ കുമ്പാരം കിടക്കുന്നത്. ഈ മാലിന്യക്കൂമ്പാരം സാമൂഹിക ദ്രോഹികൾ ഇരുട്ടിൽ വലിച്ചെറിഞ്ഞിട്ടുള്ളതാണെന്നും ആരോപണമുണ്ട്.

മൺപാത്രനിർമ്മാണ സൊസൈറ്റിക്ക് മുന്നിലും മറ്റു വിവിധ ഭാഗങ്ങളിലും റോഡരികിൽ ധാരാളം മാലിന്യം നിറച്ച ചാക്കുകെട്ടുകൾ കുന്നുകൂടി കിടക്കുന്നുണ്ട്. നീക്കം ചെയ്യാത്തപക്ഷം കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകും.

-സി.എസ്. പ്രേമൻ, പ്രസിഡന്റ്, മൺപാത്ര നിർമ്മാണ സൊസൈറ്റി, കാരമുക്ക്‌