 
ഒല്ലൂർ: അപകട സാദ്ധ്യത കൂട്ടി ഒല്ലൂർ സെന്ററിലെ കാനകൾ. മിക്ക കാനകളുടെയും സ്ലാബുകൾ തകർന്ന അവസ്ഥയിലാണ്. ചില കാനകൾക്കാകട്ടെ സ്ലാബുകളും ഇല്ല. പൊട്ടിയ സ്ലാബുകൾ മാറ്റാനോ സ്ലാബുകൾ ഇല്ലാത്ത കാനകൾക്ക് സ്ലാബിടാനോ അധികൃതർ തയ്യാറല്ലതാനും. ഇതോടെ വാഹന യാത്രികരെന്ന പോലെ തന്നെ കാൽനടയാത്രികരും ഭീതിയോടെയാണ് ഒല്ലൂർ സെന്ററിലൂടെ കടന്ന് പോകുന്നത്. ഇതോടെ പൊതുവെ കുപ്പിക്കഴുത്തെന്ന് അറിയപ്പെടുന്ന ഒല്ലൂർ സെന്റർ പൂർണമായും അപകടാവസ്ഥയിലാണ്. സാധാരണ ദിവസങ്ങളിൽപോലും ഒല്ലൂർ സെന്ററിലെ ട്രാഫിക്ക് ബ്ലോക്ക് മിക്കപ്പോഴും ക്രിസ്റ്റഫർ നഗർ മുതലും തെക്ക് ഭാഗത്തോട്ട് നീളുംതോറും എസ്റ്റേറ്റ് വരേയും നീണ്ടുനിൽക്കുന്നു. ഇതിനിടെ കടന്നുപോകുന്ന കാൽനടയാത്രികർക്കാണ് പൊട്ടിപൊളിഞ്ഞ സ്ലാബുകൾ അപകട ഭീഷണിയാവുന്നത്. സ്ലാബുകൾ ഉണ്ടെങ്കിലും ഇതിനിടയിലുള്ള വിടവുകൾ ക്രമീകരിക്കാത്തതും കാൽനട യാത്രികർക്ക് പ്രശ്‌നമാകുന്നു. സെന്ററിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുടെ ഉപകരണങ്ങൾ ഫുട്പാത്തിലേക്ക് എടുത്ത് വക്കുന്നതും കാൽനട യാത്രികർക്ക് മാർഗ തടസം സൃഷ്ടിക്കുന്നു. കാനകളിലെ അപകടാവസ്ഥ ഒഴിവാക്കാനും ഫുട്പാത്ത് വഴി കാൽനടയാത്രികർക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.