cpm

തൃശൂർ: സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് ഇൻഡോർ സ്‌റ്റേഡിയത്തിൽ 21ന് തുടക്കമാകും. പ്രതിനിധികളുടെ എണ്ണം ചുരുക്കിയും കൊവിഡ്ഹരിത മാനദണ്ഡം പാലിച്ചാകും സമ്മേളനം നടത്തുകയെന്നും ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞു.

രാവിലെ പത്തിന് പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. 23ന് ഉച്ചവരെ 175 പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് വെർച്വൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.വിജയരാഘവൻ, എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ, എം.സി.ജോസഫൈൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവർ പങ്കെടുക്കും.

ഉദ്ഘാടനസമ്മേളനത്തിൽ പ്രതിനിധികൾക്കും നേതാക്കൾക്കും മാദ്ധ്യമങ്ങൾക്കും മാത്രമാകും പ്രവേശനം. മറ്റുള്ളവർക്ക് ഓൺലൈനായി കാണാൻ സൗകര്യമൊരുക്കും. കൊവിഡ് സാഹചര്യത്തിൽ ദീപശിഖാറാലിയും തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനങ്ങളും മാറ്റി. നാലു വർഷത്തിനശേഷമാണ് സി.പി.എം സമ്മേളനം നടത്തുന്നത്. പത്തുവർഷത്തിന് ശേഷമാണ് നഗരം വേദിയാകുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം 3701 പാർട്ടിയംഗങ്ങളുടെ വർദ്ധനയുണ്ടായെന്നും 198 ബ്രാഞ്ചുകളും 18 ലോക്കൽ കമ്മിറ്റികളും കൂടിയെന്നും തൃശൂരിലെ ഏറ്റവും വലിയ പാർട്ടിയായി സി.പി.എം മാറിയെന്നും എം.എം വർഗീസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

നിലവിൽ മാറ്റേണ്ടതില്ല

സമ്മേളനം നിലവിൽ മാറ്റുന്നതിന് ആലോചിക്കുന്നില്ലെങ്കിലും കൊവിഡ് സാഹചര്യം അനുസരിച്ച് ജില്ലാ സമ്മേളന നടത്തിപ്പിൽ മാറ്റം വരുത്തുമെന്നും നേതാക്കൾ അറിയിച്ചു. ഏപ്രിൽ പത്തിന് മുമ്പ് സമ്മേളനം പൂർത്തിയാക്കണം. അതിനാൽ മാറ്റിവയ്ക്കാനാകില്ല. തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ 175 പ്രതിനിധികൾക്ക് മാനദണ്ഡം പാലിച്ച് പങ്കെടുക്കാനാകും. പങ്കെടുക്കുന്നവരെല്ലാം രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാണ്. ആർ.ടി.പി.സി.ആർ അടക്കമുള്ള നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ ഉത്തരവ് പാലിച്ചും നിയമാനുസൃതമായും സമ്മേളനം നടത്താനാണ് തീരുമാനം.

105 വീടുകൾ നിർമ്മിച്ചു

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ തീരുമാനപ്രകാരം 105 വീടുകൾ സി.പി.എം നിർമ്മിച്ചു. പോഷകസംഘടനകൾ വേറെയും വീടുകൾ നിർമ്മിച്ച് കൈമാറി. 65 ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കി. നേതാക്കളായ എം.കെ.കണ്ണൻ, യു.പി.ജോസഫ്, കെ.വി.അബ്ദുൾഖാദർ, പി.കെ.ഷാജൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.