 
ചാവക്കാട്: പാലയൂർ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ മഹോത്സവം വിവിധ പരിപാടികളോടെ ഭക്തിപൂർവം ആഘോഷിച്ചു. രാവിലെ 5 മണി മുതൽ ഗണപതി ഹോമം, ഉഷ പൂജ, പന്തീരടി പൂജ, ഉച്ചപൂജ, 7 മണിക്ക് കലംകരിക്കൽ, പറ നിറയ്ക്കൽ എന്നിവ ഉണ്ടായി. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് 1 ന് തിടമ്പ് എഴുന്നള്ളിപ്പ്, ചൊവല്ലൂർ മോഹനൻ വാര്യർ ആൻഡ് സംഘത്തിന്റെ മേളം, ഗുരുവായൂർ ഹരിനാരായണൻ ആൻഡ് തിരുവില്വാമല ഉണ്ണിക്കൃഷ്ണൻ സംഘത്തിന്റെ പഞ്ചവാദ്യം, കടവല്ലൂർ ഗംഗാധരൻ ആൻഡ് സംഘത്തിന്റെ നാദസ്വരം എന്നിവ നടന്നു. വൈകീട്ട് കൂട്ടി എഴുന്നള്ളിപ്പ് നടന്നു. തെയ്യം, തിറ, പഞ്ചവാദ്യം എന്നിവ അകമ്പടിയായി. രാത്രിയിൽ എഴുന്നള്ളിപ്പ്, പൊങ്ങലിടി ഗുരുതി തർപ്പണം എന്നിവയും ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങളോടെ നടന്ന പരിപാടിക്ക് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം വഹിച്ചു.