news-photo

തിരുവെങ്കിടം ക്ഷേത്രത്തിൽ മകരച്ചൊവ്വ ആഘോഷത്തിന്റെ ഭാഗമായി കോമരം പറ ചൊരിയുന്നു.

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവം സമുചിതമായി ആഘോഷിച്ചു. കാലത്ത് ഗണപതി ഹോമം, ലക്ഷാർച്ചന അഭിഷേകം എന്നിവയോടെയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. ലക്ഷാർച്ചനയ്ക്ക് തന്ത്രി കല്ലൂർ കൃഷ്ണജിത് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര മേൽശാന്തിമാരായ ഭാസ്‌കരൻ നമ്പൂതിരി, കൃഷ്ണകുമാർ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. ജ്യോതിദാസ് ഗുരുവായൂർ, ഗുരുവായൂർ ശശി മാരാർ എന്നിവരുടെ അഷ്ടപദി, ഗുരുവായൂർ ശ്യാമളന്റെ തായമ്പക, ഹരി കലാനിലയം, ഗുരുവായൂർ ജയപ്രകാശ് എന്നിവരുടെ കേളി, ഗുരുവായൂർ മുരളിയുടെ നാദസ്വരം എന്നിവയുണ്ടായി. ഉച്ചയ്ക്ക് കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തിൽ പ്രദേശത്തെ വാദ്യ കലാകാരൻമാർ പങ്കെടുത്ത മേളം എഴുന്നള്ളിപ്പിന് അകമ്പടിയായി. എഴുന്നെള്ളിപ്പ് പൂർത്തിയായതിന് ശേഷം ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിൽ നിറപറ മണ്ഡപത്തിൽ ക്ഷേത്ര കോമരം ചൊവ്വല്ലുർ ശ്രീധരൻ നായർ പറ ചൊരിഞ്ഞു. പാന, പറ, ഗുരുതി, ചുറ്റുവിളക്ക്, ദേവീ സംഗമം ഭഗവതിപ്പാട്ട്, താഴ്‌ത്തെക്കാവിൽ എഴുന്നെള്ളിപ്പ് ചെമ്പ് താലം എഴുന്നള്ളിപ്പ്, പൊങ്ങിലിടി എന്നിവയും അന്നദാനവും ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ആഘോഷത്തിന് ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവൻ കണിച്ചാടത്ത്, ജ്യോതിദാസ് ഗുരുവായൂർ, ബിന്ദു നാരായണൻ, പി. ഹരിനാരായണൻ, പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി എന്നിവർ നേതൃത്വം നൽകി.