omicron-diffusion
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന കുടുംബശ്രീ എ.ഡി.എസ് തിരഞ്ഞെടുപ്പിൽ നിന്നും.

ചാവക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കുടുംബശ്രീ എ.ഡി.എസ് തിരഞ്ഞെടുപ്പ്. കടപ്പുറം ഇരട്ടപ്പുഴ ഇഹ്യാഉദീൻ മദ്രസയിൽ 150 ഓളം വനിതകളാണ് പ്രോട്ടോകോൾ ലംഘിച്ച് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. 23 കുടുംബശ്രീ യൂണിറ്റുകളുള്ള വാർഡിൽ നിന്ന് ഓരോ യൂണിറ്റിൽ നിന്നും അഞ്ച് പേർ വീതമാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ഇതിൽ നിന്ന് 11 അംഗങ്ങളെ തിരഞ്ഞെടുത്തു. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ഒന്നാം വാർഡിലും എ.ഡി.എസ് തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നു. ഇവിടെ ഒരു വനിതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായി കടപ്പുറം പഞ്ചായത്തിൽ ഗ്രാമസഭ ഉൾപ്പെടെയുള്ള പരിപാടികൾ പ്രോട്ടോക്കോൾ ലംഘിച്ചാണ് നടത്തിവരുന്നത്. ആരോഗ്യ വിഭാഗമോ പഞ്ചായത്തോ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.