അന്തിക്കാട്: റോഡിന്റെ ശോചനീയാസ്ഥ പരിഹരിക്കാത്തതിനാൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ഇന്നലെ രാവിലെ 9 മുതൽ 11 വരെ പുത്തൻപീടിക യൂണിറ്റ് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധ പ്രകടനം നടത്തി.
സമിതി ജില്ലാ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. നാട്ടിക മണ്ഡലം ചെയർമാൻ ഭാഗ്യനാഥൻ കണ്ണോളി അദ്ധ്യക്ഷനായി.
അമൃതം കുടിവെള്ള പദ്ധതിയ്ക്കായി പൈപ്പിടാൻ പൊളിച്ച പെരിങ്ങോട്ടുകര ആവണങ്കാട് പടി മുതൽ കെ.കെ മേനോൻ ഷെഡ് വരെയുള്ള റോഡ് പൂർവസ്ഥിതിയിലാക്കാതെ പൈപ്പിട്ട സ്ഥലത്ത് പാറപ്പൊടി നിറച്ചിരിക്കുന്ന സ്ഥിതിയാണ്
റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വ്യാപാര സ്ഥാപനങ്ങൾക്ക് പൊടിശല്യം രൂക്ഷമാകുകയാണ്. വ്യാപാരികളും ജീവനക്കാരും അലർജി രോഗങ്ങളാൽ ചികിത്സയിലാണ്. എത്രയും വേഗം റോഡ് പുനർനിർമ്മിച്ചില്ലെങ്കിൽ വാഹനഗതാഗതം തടയുന്നതടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരി വ്യവസായി പുത്തൻപീടിക യൂണിറ്റ് പ്രസിഡന്റ് അജയൻ മേനോത്തുപറമ്പിൽ പറഞ്ഞു.
സി.സി. മുകുന്ദൻ എം.എൽ.എ, ജല അതോറിറ്റി അസി. എൻജിനിയർ, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സമിതി യൂണിറ്റ് പ്രസിഡന്റ് അജയൻ മേനോത്തുപറമ്പിൽ, സെക്രട്ടറി എ.വി. ജോയ്, ട്രഷറർ ജോസ് പല്ലൻ, ബിജു അണ്ടേഴത്ത്, അനിലൻ, ഷാജു ഡേവിഡ്, ബിജു ബാബു എന്നിവർ പ്രസംഗിച്ചു.