പുതുക്കാട്: ദേശീയപാത 544 ലെ പാലിയേക്കര ടോൾ പ്ലാസയിൽ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ മുഴുവൻ സ്ഥിര താമസക്കാർക്കും നിബന്ധനകളില്ലാതെ അനുവദിച്ച സൗജന്യയാത്ര തുടരണമെന്ന് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരായ മുഴുവൻ ആളുകളുടെയും വാഹനങ്ങൾക്ക് ടോൾ ഈടാക്കിയിരുന്നില്ല. ഈ മാസം മുതൽ ടോൾ കമ്പനി ഒരു കുടുംബത്തിലെ, സ്ഥാപനത്തിലെ ഒരു വാഹനത്തിന് മാത്രമായി ഇത് നിയന്ത്രിച്ചിരിക്കുകയാണ്. സർക്കാരിന്റെയോ ബന്ധപ്പെട്ട അധികാരികളുടെയോ യാതൊരുവിധ ഉത്തരവിന്റെയോ നിർദ്ദേശത്തിന്റെയോ അടിസ്ഥാനത്തിലല്ല ടോൾ കമ്പനി ഇത്തരത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്. കമ്പനിയുടെ അന്യായവും ധിക്കാരപരവുമായ ഈ നടപടി പിൻവലിക്കണമെന്നും നേരത്തെ ഉണ്ടായിരുന്ന ഇളവ് അതേപടി തുടരണമെന്നും കെ.കെ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ജില്ലാ കളക്ടർ, ചീഫ് എൻജിനിയർ പി.ഡബ്ല്യു.ഡി ആൻഡ് എൻ.എച്ച്, പ്രൊജക്ട് ഡയറക്ടർ എൻ.എച്ച്.എ പാലക്കാട് എന്നിവർക്ക് കത്തുകളയച്ചു. പറപ്പൂക്കര, നെന്മണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകി.