ആമ്പല്ലൂർ: അളഗപ്പ നഗർ പഞ്ചായത്ത് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രവും ശൗചാലയവും പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ഭാഗ്യവതി ചന്ദ്രൻ, ജിജോജോൺ, പി.കെ. ശേഖരൻ, സനൽ മഞ്ഞളി, ദിനിൽ പാലപ്പറമ്പിൽ, വി.കെ. വിനീഷ്, പ്രിൻസ് അരിപ്പാലത്തുക്കാരൻ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി 14 ലക്ഷം ചെലവിലാണ് പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപത്തായി പഞ്ചായത്തിന്റെ പുറമ്പോക്ക് സ്ഥലത്താണ് കെട്ടിടത്തിന്റെ നിർമ്മാണം.