sarojini
തെരുവുനായക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ സരോജിനി

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ തൊഴിലുറപ്പു തൊഴിലാളിക്ക് ഗുരുതര പരിക്ക്

കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ തൊഴിലുറപ്പു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. എടത്തിരുത്തി പഞ്ചായത്തിൽ എട്ടാം വാർഡ് ചെന്ത്രാപ്പിന്നി പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന വേതോട്ടിൽ മോഹനൻ ഭാര്യ സരോജിനി (67) ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴി വേതോട്ട് ക്ഷേത്രപരിസരത്ത് വച്ചാണ് തെരുവുനായ്ക്കൾ സരോജിനിയെ ആക്രമിച്ചത്.

കാലിനും കൈക്കും തോളിനും കടിയേറ്റ സരോജിനിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് തെരുവ് നായക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച വേതോട്ട് 80 വയസുള്ള ഒരു സ്ത്രീയെ തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. നേരത്തെ ഒരു പഞ്ചായത്തംഗവും തെരുവു നായ്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി വഴിയാത്രക്കാരും വീടുകളിലെ വളർത്തുമൃഗങ്ങളും ഉൾപ്പെടെ അക്രമണത്തിന് ഇരയായിട്ടുണ്ട്. തെരുവ്നായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഈ ഭാഗത്തുള്ള ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് പരിസരവാസികൾ പറഞ്ഞു. ഗ്രാമസഭകളിലും പഞ്ചായത്തിലും പൊതുജനങ്ങൾ പലവട്ടം പരാതി ഉന്നയിച്ചിടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമറുൽ ഫാറൂക്ക് പറഞ്ഞു.